Newsroom
Global El Niño Crisis: ലോകത്തെ ചുട്ടുപൊള്ളിക്കാൻ എൽ നിനോ വരുന്നു; കേരളം കണ്ടത് തുടക്കം മാത്രം
Metbeat News

Global El Niño Crisis: ലോകത്തെ ചുട്ടുപൊള്ളിക്കാൻ എൽ നിനോ വരുന്നു; കേരളം കണ്ടത് തുടക്കം മാത്രം

കേരളത്തിൽ ഇതുവരെ എൽ നിനോയുടെ സ്വാധീനം വളരെയേറെ പ്രകടമായിട്ടുണ്ട്. അതിന് ഏറ്റവും ഉദാഹരണമാണ് മഴക്കുറവ്,

ലോകത്തെ ചുട്ടുപൊള്ളിക്കാൻ എൽ നിനോ വരുന്നു; കേരളം കണ്ടത് തുടക്കം മാത്രം

കേരളത്തിൽ ഇതുവരെ എൽ നിനോയുടെ സ്വാധീനം വളരെയേറെ പ്രകടമായിട്ടുണ്ട്. അതിന് ഏറ്റവും ഉദാഹരണമാണ് മഴക്കുറവ്, അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം, കുറഞ്ഞുപോകാത്ത ചൂട്, മീൻമാർക്കറ്റുകളിൽ മത്സ്യത്തിൻ്റെ പ്രത്യേകിച്ച് മത്തിയുടെ ലഭ്യത കുറഞ്ഞത് തുടങ്ങിയ രീതികളിലാണ് എൽ നിനോ കൂടുതൽ പ്രകടമായത്. എന്നാൽ കേരളത്തിന്റെയും ഇന്ത്യയുടെയും ഇതുവരെയുള്ള അനുഭവത്തെ ദുരിതത്തിലാക്കുന്ന കാലാവസ്ഥാ പ്രതിസന്ധികളിലൂടെയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങൾ കടന്നുപോകുന്നത്.

യൂറോപ്പ്, കാനഡ, അമേരിക്കയുടെ വടക്കൻ മേഖലകൾ, തെക്കേ അമേരിക്ക, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ നിരവധി രാജ്യങ്ങൾ അസ്ഥിരമായ കാലാവസ്ഥയുടെ ആഘാതത്തിൽ വലയുകയാണ്. പസഫിക് സമുദ്രത്തിലെ ഉപരിതല ജലത്തിന്റെ അസാധാരണ ചൂടുയർച്ചയാണ് (Pacific Ocean Warming) ആഗോള കാലാവസ്ഥാ വ്യവസ്ഥയെ താളം തെറ്റിക്കുന്നത്.

എൽ നിനോയുടെ തീവ്രത വർദ്ധിക്കും 

ലോക കാലാവസ്ഥാ സംഘടന മുന്നറിയിപ്പ് നൽകുന്നത്, ഈ മാസം മുതൽ ഡിസംബർ വരെ എൽ നിനോയുടെ തീവ്രത കൂടുതൽ വർധിക്കാനാണ് സാധ്യതയെന്നാണ്.

ചൂട് ഉയരും (Rising Global Temperature)

എൽ നിനോയുടെ ആദ്യവും പ്രധാനവുമായ പ്രത്യാഘാതം ആഗോള താപനിലയിലെ ഗണ്യമായ വർധനവാണ്. 2026–2027 കാലയളവ് ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വർഷങ്ങളിലൊന്നായി മാറാൻ സാധ്യതയുണ്ടെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തൽ.

ഓസ്ട്രേലിയ, ഇന്തോനേഷ്യ, തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിൽ കടുത്ത വരൾച്ചയ്ക്ക് സാധ്യതയുണ്ട്. അതോടൊപ്പം ലോകത്തിന്റെ പല ഭാഗങ്ങളിലും വ്യാപകമായ കാട്ടുതീയും (Wildfire) റിപ്പോർട്ട് ചെയ്യപ്പെടുമെന്ന ആശങ്കയും ഉയരുന്നു.

മൺസൂൺ ദുർബലമാകുമ്പോൾ സംഭവിക്കുന്നത് (Weak Monsoon)

മൺസൂൺ മഴ ദുർബലമായാൽ തെക്കൻ ഏഷ്യയിലാകെ ജലക്ഷാമവും കൃഷിനാശവും രൂക്ഷമാകും. കുടിവെള്ള ലഭ്യത കുറയുകയും ജലവൈദ്യുതി ഉൽപാദനം പ്രതിസന്ധിയിലാകുകയും ചെയ്യും.
കടലിലെ ജലതാപനിലയിലെ മാറ്റം മത്സ്യസമ്പത്തിനെയും ബാധിക്കും. അതിനാൽ മത്സ്യലഭ്യതയിലും ഗണ്യമായ കുറവുണ്ടാകാൻ സാധ്യതയുണ്ട്.

ശക്തമായ പ്രകൃതി ദുരന്തങ്ങൾ

ചൂടും ഈർപ്പവും മാറിമാറി അനുഭവപ്പെടുന്ന സാഹചര്യത്തിൽ കൊതുകുകൾ വഴി പകരുന്ന രോഗങ്ങൾ വർധിക്കാനിടയുണ്ട്.
ചില പ്രദേശങ്ങളിൽ അതിശക്തമായ മഴ, മിന്നൽപ്രളയം (Flash Flood), കൊടുങ്കാറ്റ് (Storm) എന്നിവയ്ക്കും സാധ്യതയുണ്ട്. ഇതുമൂലം മനുഷ്യജീവനും സ്വത്തിനും വലിയ നാശനഷ്ടങ്ങൾ സംഭവിക്കുമെന്നാണ് മുന്നറിയിപ്പ്.

കൃഷിക്ക് കനത്ത തിരിച്ചടി (Agriculture Under Threat)

എൽ നിനോ ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത് കാർഷിക മേഖലയെയാണ്. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് വിവിധ വിളകളുടെ ഉൽപാദനം കുറയുകയും ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത കുറയുകയും വില ഉയരുകയും ചെയ്യും. കർഷകർക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാകുന്നതിനൊപ്പം ഭക്ഷ്യസുരക്ഷയും (Food Security) വെല്ലുവിളി നേരിടും.

സാമ്പത്തിക മേഖലയിലും പ്രതിസന്ധി (Economic Impact)

ദുരന്തനിവാരണത്തിനും ഭക്ഷണ-ജല വിതരണത്തിനുമായി സർക്കാരുകൾക്ക് വൻതുക ചെലവഴിക്കേണ്ട സാഹചര്യമുണ്ടാകും. ഇതോടെ വികസന പദ്ധതികൾക്കും ക്ഷേമപ്രവർത്തനങ്ങൾക്കുമുള്ള ഫണ്ട് ചുരുങ്ങും.

വൈദ്യുതി ഉൽപാദനവും വിതരണവും പ്രതിസന്ധിയിലാകുന്നതോടെ പണപ്പെരുപ്പം (Inflation) ഉയരാനും ജിഡിപി (GDP) വളർച്ച കുറയാനും സാധ്യതയുണ്ട്. ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് ശതകോടിക്കണക്കിന് ഡോളറിന്റെ നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തൽ.

ഏതെല്ലാം രാജ്യങ്ങളെ എൽ നിനോ കൂടുതൽ ബാധിക്കും? (Countries at Risk)

അമേരിക്ക, കാനഡ തുടങ്ങിയ വികസിത രാജ്യങ്ങൾ മുതൽ ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, തായ്‌ലൻഡ്, വിയറ്റ്നാം, പെറു, സാംബിയ, എത്യോപ്യ, കെനിയ തുടങ്ങിയ രാജ്യങ്ങൾ വരെ എൽ നിനോയുടെ ആഘാതം നേരിടുമെന്ന ആശങ്കയുണ്ട്.

യുദ്ധം, ആഭ്യന്തര സംഘർഷം, സാമ്പത്തിക പ്രതിസന്ധി, തുടർച്ചയായ കാലാവസ്ഥാ ദുരന്തങ്ങൾ എന്നിവ നേരിടുന്ന രാജ്യങ്ങളിൽ സ്ഥിതി കൂടുതൽ ഗുരുതരമാകുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

ആഘാതം കുറയ്ക്കാൻ എന്ത് ചെയ്യണം? (Mitigation Measures)

മഴയെ ആശ്രയിച്ചുള്ള കൃഷി, മത്സ്യമേഖല, ജലവിതരണം, ജലവൈദ്യുതി ഉൽപാദനം എന്നിവയെ സംരക്ഷിക്കാൻ കൃത്യമായ ആസൂത്രണവും മുൻകരുതൽ നടപടികളും അനിവാര്യമാണെന്ന് ഐക്യരാഷ്ട്രസഭ (United Nations - UN) അംഗരാജ്യങ്ങളോട് നിർദേശിച്ചിട്ടുണ്ട്. ലോകബാങ്ക് (World Bank) ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങളും വികസിത രാജ്യങ്ങളും എൽ നിനോയുടെ ആഘാതം കുറയ്ക്കാനുള്ള മാർഗങ്ങൾ തേടിക്കൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ 50 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ എൽ നിനോ 2027-ന്റെ ആദ്യ മാസങ്ങൾ വരെ തുടർന്നേക്കാമെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. അതേസമയം, ഈ വർഷാവസാനത്തോടെ എൽ നിനോയുടെ തീവ്രതയിൽ നേരിയ കുറവുണ്ടാകാനും സാധ്യതയുണ്ട്.

പ്രാദേശിക കാലാവസ്ഥാ ഘടകങ്ങൾ അനുകൂലമായാൽ കേരളത്തിനും ഇന്ത്യക്കും ലോകത്തിന്റെ മറ്റു ചില ഭാഗങ്ങളെ അപേക്ഷിച്ച് ഏറ്റവും രൂക്ഷമായ ആഘാതം ഒഴിവാക്കാനാകുമെന്ന പ്രതീക്ഷയും വിദഗ്ധർ പങ്കുവയ്ക്കുന്നുണ്ട്. 

English Summary : The World Meteorological Organization (WMO) and global climate scientists have issued a severe warning regarding the intensifying El Niño phenomenon. Driven by the unusual warming of sea surface temperatures in the Pacific Ocean, this climate pattern is set to severely disrupt global weather systems from now through 2026 and early 2027, potentially making this period among the hottest in recorded history.

കേരളത്തിൽ ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ജാഗ്രത നിർദ്ദേശം

കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഓഗസ്റ്റ് 13, 14 തീയതികളിലാണ് കാറ്റിന് സാധ്യത. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞുവീണും അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. 

കാറ്റും മഴയും ശക്തമാകുമ്പോൾ മരങ്ങളുടെ ചുവട്ടിൽ നിൽക്കുകയോ വാഹനങ്ങൾ പാർക്ക് ചെയ്യുകയോ ചെയ്യരുത്. വീട്ടുവളപ്പിലെ അപകടകരമായ മരച്ചില്ലകൾ വെട്ടിയൊതുക്കുകയും പൊതുസ്ഥലങ്ങളിലെ അപകടാവസ്ഥയിലുള്ള മരങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുകയും വേണം.

ഉറപ്പില്ലാത്ത പരസ്യബോർഡുകൾ, ഇലക്ട്രിക് പോസ്റ്റുകൾ, കൊടിമരങ്ങൾ തുടങ്ങിയവ കാറ്റിൽ വീഴാൻ സാധ്യതയുള്ളതിനാൽ മുൻകൂട്ടി ബലപ്പെടുത്തുകയോ അഴിച്ചുമാറ്റുകയോ ചെയ്യണം. കാറ്റ് വീശുമ്പോൾ ജനലുകളും വാതിലുകളും അടച്ചിടണം. ജനലുകൾക്കും വാതിലുകൾക്കും സമീപവും വീടിന്റെ ടെറസിലും നിൽക്കുന്നത് ഒഴിവാക്കണം. കാറ്റിൽ വീഴാൻ സാധ്യതയുള്ള കോണികളും മറ്റ് വസ്തുക്കളും സുരക്ഷിതമായി കെട്ടിവയ്ക്കണമെന്നും നിർദേശമുണ്ട്.

ഓലമേഞ്ഞതോ ഷീറ്റ് പാകിയതോ അടച്ചുറപ്പില്ലാത്തതോ ആയ കെട്ടിടങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശമനുസരിച്ച് സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറണം. ആവശ്യമായ സാഹചര്യത്തിൽ ഇവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റാൻ തദ്ദേശ സ്ഥാപനങ്ങളും റവന്യൂ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നടപടി സ്വീകരിക്കണം. 

വൈദ്യുതി അപകടങ്ങളിൽ ജാഗ്രത

കാറ്റും മഴയും ശക്തമാകുമ്പോൾ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാൻ സാധ്യത കൂടുതലാണ്. അപകടകരമായ സാഹചര്യം ശ്രദ്ധയിൽപ്പെട്ടാൽ KSEBയുടെ 1912 എന്ന കൺട്രോൾ റൂം നമ്പറിലോ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ 1077 എന്ന നമ്പറിലോ വിവരം അറിയിക്കണം. കാറ്റ് തുടരുന്ന സമയത്ത് അറ്റകുറ്റപ്പണികൾ നടത്തരുതെന്നും പൊതുജനങ്ങൾ നേരിട്ട് വൈദ്യുതി തകരാർ പരിഹരിക്കാൻ ശ്രമിക്കരുതെന്നും അധികൃതർ നിർദേശിച്ചു.

പത്രം, പാൽ വിതരണം തുടങ്ങിയ അതിരാവിലെ ജോലികൾക്ക് പോകുന്നവരും പ്രത്യേക ജാഗ്രത പാലിക്കണം. വഴികളിലെ വെള്ളക്കെട്ടുകളിലും പരിസരങ്ങളിലും വൈദ്യുതി ലൈനുകൾ പൊട്ടിവീണിട്ടില്ലെന്ന് ഉറപ്പാക്കണം. സംശയകരമായ സാഹചര്യം കണ്ടാൽ കൺട്രോൾ റൂമിൽ അറിയിച്ച് അപകടമില്ലെന്ന് ഉറപ്പാക്കിയശേഷം മാത്രം മുന്നോട്ട് പോകണം. കൃഷിയിടങ്ങളിൽ പ്രവേശിക്കുന്നതിന് മുമ്പ് വൈദ്യുതി ലൈനുകൾ സുരക്ഷിതമാണെന്നും ഉറപ്പാക്കണം.

കാറ്റും മഴയും ശക്തമാകുന്ന സാഹചര്യത്തിൽ നിർമാണ ജോലികൾ നിർത്തിവച്ച് തൊഴിലാളികൾ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറണം. പൊതുജനങ്ങൾ മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശങ്ങൾ കർശനമായി പാലിക്കുകയും വേണമെന്ന് അധികൃതർ അറിയിച്ചു. 

English Summary : The Central Meteorological Department (IMD) has issued a weather warning predicting isolated strong winds with speeds ranging from 30 to 40 km/h across Kerala on August 13 and 14. Authorities have urged the public to stay vigilant due to potential hazards like uprooted trees, falling branches, and disrupted power lines.

More from Metbeat