
UAE Major Changes from July 2026: ജൂലൈ മുതൽ യുഎഇ യിൽ വൻ മാറ്റങ്ങൾ
ജൂലൈ മാസത്തിന്റെ തുടക്കത്തോടെ യുഎഇയിൽ പൊതുജനങ്ങളെയും പ്രവാസികളെയും ബിസിനസ് മേഖലയെയും ഒരുപോലെ ബാധിക്കുന്ന നിരവധി സുപ്രധാന മാറ്റങ്ങൾ പ്രാബല്യത്തിൽ വന്നു
ജൂലൈ മുതൽ യുഎഇ യിൽ വൻ മാറ്റങ്ങൾ
ജൂലൈ മാസത്തിന്റെ തുടക്കത്തോടെ യുഎഇയിൽ പൊതുജനങ്ങളെയും പ്രവാസികളെയും ബിസിനസ് മേഖലയെയും ഒരുപോലെ ബാധിക്കുന്ന നിരവധി സുപ്രധാന മാറ്റങ്ങൾ പ്രാബല്യത്തിൽ വന്നു. ഗതാഗതം, പാസ്‌പോർട്ട് സേവനങ്ങൾ, വിദ്യാഭ്യാസം, പാർക്കിങ്, ബിസിനസ് നടപടിക്രമങ്ങൾ തുടങ്ങി വിവിധ മേഖലകളിലായാണ് പുതിയ തീരുമാനങ്ങൾ നടപ്പിലാകുന്നത്. ഇന്ത്യൻ പ്രവാസികൾ പ്രത്യേകിച്ച് ശ്രദ്ധിക്കേണ്ട മാറ്റങ്ങളും ഇതിലുണ്ട്.
എത്തിഹാദ് റെയിൽ (Etihad Rail) യാത്രാ സർവീസിന് തുടക്കം
യുഎഇയുടെ ദേശീയ റെയിൽ ശൃംഖലയിലേക്കുള്ള ചരിത്രപരമായ ചുവടുവെപ്പായി കണക്കാക്കപ്പെടുന്ന എത്തിഹാദ് റെയിൽ (Etihad Rail) യാത്രാ സർവീസ് ജൂലൈ മുതൽ പൊതുജനങ്ങൾക്ക് ലഭ്യമാകും. ജൂൺ 30-ന് പരീക്ഷണാടിസ്ഥാനത്തിലുള്ള ആദ്യ യാത്ര വിജയകരമായി പൂർത്തിയാക്കിയതിനെ തുടർന്നാണ് സർവീസ് ആരംഭിക്കുന്നത്.
ആദ്യഘട്ടത്തിൽ അബുദാബി (Abu Dhabi) - ഫുജൈറ (Fujairah) റൂട്ടിലാകും സർവീസ് നടത്തുക. ഭാവിയിൽ ദുബായ്, ഷാർജ, റാസൽഖൈമ തുടങ്ങിയ എമിറേറ്റുകളിലേക്കും ശൃംഖല വ്യാപിപ്പിക്കാനാണ് പദ്ധതി. റോഡ് ഗതാഗതത്തിലെ തിരക്ക് കുറയ്ക്കുന്നതിനും വേഗമേറിയ യാത്ര ഉറപ്പാക്കുന്നതിനും ഈ പദ്ധതി സഹായകരമാകുമെന്നാണ് വിലയിരുത്തൽ.
ഇന്ത്യൻ പാസ്‌പോർട്ട് ഫീസ് (Passport Fee) കുത്തനെ ഉയർന്നു
യുഎഇയിലെ ഇന്ത്യൻ പ്രവാസികളെ നേരിട്ട് ബാധിക്കുന്ന പ്രധാന മാറ്റമാണ് പുതിയ പാസ്‌പോർട്ട് സേവന നിരക്ക് (Passport Fee Revision). ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയത്തിന്റെ പുതിയ ചട്ടങ്ങൾ പ്രകാരം ജൂലൈ 1 മുതൽ വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ മിഷനുകളിൽ പാസ്‌പോർട്ട് സേവനങ്ങൾക്ക് ഈടാക്കുന്ന ഫീസ് 75 ശതമാനം വരെ വർധിച്ചു.
* 36 പേജുള്ള സാധാരണ പാസ്‌പോർട്ട് – 450 ദിർഹം (മുമ്പ് 285 ദിർഹം)
* 60 പേജുള്ള സാധാരണ പാസ്‌പോർട്ട് – 630 ദിർഹം (മുമ്പ് 380 ദിർഹം)
* 36 പേജുള്ള തത്കാൽ (Tatkal) പാസ്‌പോർട്ട് – 900 ദിർഹം
* 60 പേജുള്ള തത്കാൽ പാസ്‌പോർട്ട് – 1080 ദിർഹം
കൂടാതെ നഷ്ടപ്പെട്ടതോ മോഷണം പോയതോ കേടായതോ ആയ പാസ്‌പോർട്ട് മാറ്റിസ്ഥാപിക്കുന്നതിനുള്ള (Replacement Passport) ഫീസും ഗണ്യമായി വർധിപ്പിച്ചിട്ടുണ്ട്. അതിനാൽ പാസ്‌പോർട്ട് പുതുക്കാൻ പദ്ധതിയിടുന്നവർ പുതിയ നിരക്കുകൾ പരിശോധിച്ച ശേഷമേ അപേക്ഷ നൽകാവൂ.
വേനൽ അവധിക്ക് (Summer Vacation) സ്‌കൂളുകൾ അടയ്ക്കുന്നു
യുഎഇയിലെ വിവിധ എമിറേറ്റുകളിലെ സ്വകാര്യ-സർക്കാർ സ്‌കൂളുകൾ ജൂലൈ 3 മുതൽ എട്ട് ആഴ്ച നീളുന്ന വേനൽ അവധിക്ക് (Summer Break) അടയ്ക്കും.
2026-27 അധ്യയന വർഷം ഓഗസ്റ്റ് 31-നാണ് ആരംഭിക്കുന്നത്. ഇതോടെ നിരവധി പ്രവാസി കുടുംബങ്ങൾ സ്വദേശ സന്ദർശനത്തിനും വിദേശ യാത്രകൾക്കുമായി ഒരുങ്ങുകയാണ്. വിമാനത്താവളങ്ങളിൽ ഈ കാലയളവിൽ യാത്രക്കാരുടെ തിരക്ക് ഗണ്യമായി വർധിക്കുമെന്നാണ് പ്രതീക്ഷ.
ഷാർജയിൽ (Sharjah) പാർക്കിങ് സമയത്തിൽ മാറ്റം
ഷാർജ മുനിസിപ്പാലിറ്റി ജൂലൈ 1 മുതൽ പണമടച്ച് ഉപയോഗിക്കേണ്ട പൊതുപാർക്കിങ് സമയത്തിൽ മാറ്റം നടപ്പാക്കി. ഇനി മുതൽ രാവിലെ 8 മണി മുതൽ രാത്രി 12 മണിവരെ (Midnight) പാർക്കിങ് ഫീസ് ബാധകമായിരിക്കും. നേരത്തെ രാത്രി 10 മണിവരെയായിരുന്നു ഈ സമയം. ഷാർജ നഗരം, കൽബ (Kalba), ഖോർഫക്കാൻ (Khor Fakkan), അൽ ദൈദ് (Al Dhaid) എന്നിവിടങ്ങളിലടക്കം എമിറേറ്റിലുടനീളം പുതിയ സമയം പ്രാബല്യത്തിൽ വന്നു.
ഇ-ഇൻവോയ്‌സിങ് (E-Invoicing) സംവിധാനത്തിലേക്ക് നിർണായക ചുവടുവെപ്പ്
യുഎഇയിലെ ബിസിനസ് സ്ഥാപനങ്ങൾക്കായി നിർബന്ധിത ഇ-ഇൻവോയ്‌സിങ് (E-Invoicing) സംവിധാനത്തിലേക്കുള്ള മാറ്റത്തിന്റെ ആദ്യഘട്ടവും ജൂലൈ 1 മുതൽ ആരംഭിച്ചു.എല്ലാ സ്ഥാപനങ്ങളും അംഗീകൃത സർവീസ് പ്രൊവൈഡറെ (Accredited Service Provider) തിരഞ്ഞെടുക്കേണ്ട ആദ്യ സമയപരിധി ഇന്നാണ്. ഭാവിയിൽ രാജ്യവ്യാപകമായി നടപ്പിലാക്കുന്ന ഇ-ഇൻവോയ്‌സിങ് സംവിധാനത്തിന് തയ്യാറെടുക്കാനുള്ള പ്രധാന നടപടിയായാണ് ഇത് കണക്കാക്കുന്നത്.
തൊഴിലാളികൾക്കായി ഉച്ചവിശ്രമ നിയമം (Midday Break Rule) തുടരുന്നു
യുഎഇയിൽ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കായുള്ള ഉച്ചവിശ്രമ നിയമം (Midday Break Rule) ജൂൺ 15 മുതൽ നിലവിലുണ്ട്. ജൂലൈ മാസത്തിലും ഇത് തുടരും. ഉച്ചയ്ക്ക് 12.30 മുതൽ വൈകിട്ട് 3.00 മണിവരെ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. തൊഴിലാളികളുടെ ആരോഗ്യസംരക്ഷണം ലക്ഷ്യമിട്ടുള്ള ഈ നിയന്ത്രണം സെപ്റ്റംബർ മധ്യം വരെ തുടരും.
യാത്രക്കാർക്ക് മുന്നറിയിപ്പ്
വേനൽ അവധിയും യാത്രക്കാരുടെ തിരക്കും കണക്കിലെടുത്ത് യുഎഇയിലെ പ്രധാന വിമാനത്താവളങ്ങൾ യാത്രക്കാർക്ക് നേരത്തെ എത്തിച്ചേരാൻ നിർദേശം നൽകിയിട്ടുണ്ട്. ഓൺലൈൻ ചെക്ക്-ഇൻ (Online Check-in), ഡിജിറ്റൽ ബോർഡിങ് പാസ് (Digital Boarding Pass), സ്മാർട്ട് ഗേറ്റ് (Smart Gate) സേവനങ്ങൾ പരമാവധി പ്രയോജനപ്പെടുത്താനും അധികൃതർ നിർദേശിക്കുന്നു.
English Summary : UAE July 2026 Updates: A series of major regulations and services come into effect in the UAE this July, significantly impacting expats, residents, and businesses. Key highlights include a massive hike in Indian passport renewal fees, the official public launch of the Etihad Rail passenger service (Abu Dhabi to Fujairah), extended paid parking hours in Sharjah, and the kickoff of the mandatory E-Invoicing transition for businesses.
കര്‍ക്കിടകം മാഞ്ഞു, ചിങ്ങം പിറന്നു; പക്ഷേ മണ്‍സൂണ്‍ 'ബ്രേക്കില്ലാതെ' കേരളം
തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലത്ത് മഴയുടെ ഇടവേള നല്‍കുന്ന മണ്‍സൂണ്‍ ബ്രേക്ക് പ്രതിഭാസം ഇത്തവണ അനുഭവയോഗ്യമായില്ല. സാങ്കേതികമായി മണ്‍സൂണ്‍ ബ്രേക്ക് സംഭവിച്ചെങ്കിലും അത് അനുഭവത്തില്‍ വന്നില്ലെന്ന് Metbeat Weather ലെ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
സാധാരണ കേരളത്തില്‍ ഏഴു മുതല്‍ 10 ദിവസം വരെ തുടരുന്ന മഴയില്ലാത്ത അവസ്ഥയോ മഴ വളരെ കുറഞ്ഞ അന്തരീക്ഷമോ കര്‍ക്കിടകത്തിലാണ് ഉണ്ടാകാറുള്ളത്. പഴമക്കാര്‍ പറയുന്ന കര്‍ക്കിടകത്തിലെ 10 ദിവസത്തെ കനത്ത മഴയും പിന്നീട് 10 ദിവസത്തെ ശക്തമായ വെയിലും (മണ്‍സൂണ്‍ ബ്രേക്ക്) ഇത്തവണ നമുക്ക് അനുഭവപ്പെട്ടില്ല. ആദ്യം മണ്‍സൂണ്‍ ബ്രേക്ക് എന്താണ് എന്നും കഴിഞ്ഞ രണ്ടു മാസം നമ്മുടെ അന്തരീക്ഷത്തിലെ മാറ്റങ്ങളും പരിശോധിക്കാം.
എന്താണ് മണ്‍സൂണ്‍ ബ്രേക്ക് ?
മണ്‍സൂണ്‍ കാലത്ത് മഴ പൂര്‍ണമായും നില്‍ക്കുകയോ സാധാരണ ലഭിക്കേണ്ടതിനേക്കാള്‍ വളരെ കുറയുകയോ ചെയ്യുന്ന ഇടവേളകളെയാണ് 'മണ്‍സൂണ്‍ ബ്രേക്ക്' (Break Monsoon Period) എന്ന് വിളിക്കുന്നത്.
ഇന്ത്യയില്‍ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് മണ്‍സൂണ്‍ ബ്രേക്ക് സാധാരണയായി കണ്ടുവരുന്നത്. ഈ സമയത്ത് രാജ്യത്തുടനീളം മഴയില്‍ പ്രകടമായ മാറ്റങ്ങള്‍ സംഭവിക്കുന്നു. മണ്‍സൂണ്‍ ബ്രേക്ക് രണ്ടോ മൂന്നോ ദിവസം മുതല്‍ ഏതാനും ആഴ്ചകള്‍ വരെ നീണ്ടു നില്‍ക്കുന്നു.
മണ്‍സൂണ്‍ ബ്രേക്കിന് കാരണം
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ മഴയുടെ വിതരണം നിര്‍ണയിക്കുന്നത് 'മണ്‍സൂണ്‍ ട്രഫ്' (Monsoon Trough) അഥവാ കുറഞ്ഞ വായുസമ്മര്‍ദ്ദ മേഖലയാണ്. മണ്‍സൂണ്‍ ബ്രേക്ക് സമയത്ത് കാറ്റിന്റെ ഗതിമാറ്റം കാരണം ഈ കുറഞ്ഞ വായുസമ്മര്‍ദ്ദ മേഖല തെക്കോട്ട് മാറാതെ, വടക്കോട്ട് നീങ്ങി ഹിമാലയന്‍ അടിവാരങ്ങളിലേക്ക് (Himalayan Foothills) കേന്ദ്രീകരിക്കുന്നു. സാധാരണ നിലയില്‍ മണ്‍സൂണ്‍ ട്രഫ് മധ്യ ഇന്ത്യയിലൂടെ (രാജസ്ഥാന്‍ മുതല്‍ ബംഗാള്‍ ഉള്‍ക്കടല്‍ വരെ) സ്ഥിതി ചെയ്യുമ്പോള്‍ രാജ്യത്തുടനീളം വീശുന്ന കാറ്റ് ശക്തമായ മഴ നല്‍കുന്നു.
ബ്രേക്ക് സംഭവിക്കുമ്പോള്‍ എന്ത് നടക്കുന്നു?
മധ്യ, തെക്കേ ഇന്ത്യയില്‍
കേരളം, കര്‍ണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ് തുടങ്ങിയ മധ്യതെക്കന്‍ സംസ്ഥാനങ്ങളില്‍ മഴ വളരെ കുറയുകയോ പെയ്യാതിരിക്കുകയോ ചെയ്യുന്നു. വെയില്‍ തെളിയുകയും അന്തരീക്ഷ ഊഷ്മാവ് ഉയരുകയും ചെയ്യും.
ഹിമാലയന്‍ മേഖലകളില്‍
നേപ്പാള്‍ അതിര്‍ത്തി, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, അസം, പശ്ചിമ ബംഗാള്‍ തുടങ്ങിയ വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ അതിശക്തമായ മഴയും പ്രളയവും ഉണ്ടാകുന്നു.
ജൂലൈ- ഓഗസ്റ്റ് മാസങ്ങളില്‍ സംഭവിച്ചത്
സാധാരണ ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കാറ്റ് വടക്കോട്ട് നീങ്ങി തെക്കേ ഇന്ത്യയില്‍ ഏതാനും ആഴ്ചകള്‍ മഴ കുറയാന്‍ കാരണമാകാറുണ്ട്. ഇത്തവണ ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും ഇടയ്ക്കിടെ ചക്രവാതച്ചുഴികളും മറ്റും രൂപപ്പെട്ടത് കാലവര്‍ഷ കാറ്റിനെ കേരളം ഉള്‍പ്പെടെ തെക്കേ ഇന്ത്യയില്‍ കേന്ദ്രീകരിക്കപ്പെടാന്‍ കാരണമായി.
മാഡന്‍ജൂലിയന്‍ ഓസിലേഷന്‍ (MJO) ഘടകം
പടിഞ്ഞാറന്‍ അറബി കടലില്‍ നിന്നും കടന്നുവന്ന MJO തരംഗങ്ങള്‍ മണ്‍സൂണ്‍ കാറ്റിന് ശക്തിപകരുകയും, മഴയ്ക്ക് അനുകൂലമായ അന്തരീക്ഷ അന്തരീക്ഷ ചുറ്റുപാട് നിലനിര്‍ത്തുകയും ചെയ്തു.
അറബിക്കടലിലെ താപനില വര്‍ദ്ധനവ് (Warm Arabian Sea)
അറബി കടലില്‍ ഉപരിതല താപനില (Sea Surface Temperature) ഉയര്‍ന്ന നിലയില്‍ തുടര്‍ന്നത് കൂടുതല്‍ നീരാവി അന്തരീക്ഷത്തിലേക്ക് ഉയരുന്നതിനും മേഘരൂപീകരണത്തിനും വഴിതെളിയിച്ചു.
ക്ലൗഡ് ബര്‍സ്റ്റുകള്‍ക്ക് സമാനമായ മഴയും എല്‍ നിനോ (El Niño) വ്യതിയാനങ്ങളും
വന്‍തോതിലുള്ള മഴ തുടര്‍ച്ചയായി പെയ്യുന്നതിനേക്കാള്‍, ചുരുങ്ങിയ സമയത്തിനുള്ളില്‍ അതിതീവ്രമായ മഴപെയ്യുന്ന 'എക്‌സ്ട്രീം റെയിന്‍ ഫാള്‍' (Etxreme Rainfall Bursts) പാറ്റേണിലേക്ക് കേരളത്തിലെ മണ്‍സൂണ്‍ മാറിക്കഴിഞ്ഞു. ഇതും വലിയ ഇടവേളകള്‍ അനുഭവപ്പെടാതെ തുടര്‍ച്ചയായി മഴമേഘങ്ങള്‍ രൂപപ്പെടാന്‍ സഹായിച്ചു. ജൂലൈയിലും ഓഗസ്റ്റിലും മണ്‍സൂണ്‍ ട്രഫിന്റെ സ്ഥാനം കൃത്യമായി മാറ്റിമറിക്കപ്പെട്ടുകൊണ്ടിരുന്നു (Oscillating) എന്നതും മറ്റൊരു കാരണമാണ്.
മണ്‍സൂണ്‍ ട്രഫ് ഹിമാലയന്‍ താഴ്‌വരയിലെത്തി
ട്രഫിന്റെ താല്‍ക്കാലിക വടക്കോട്ടുള്ള മാറ്റം (Shift to Foothills)
ജൂലൈ രണ്ടാം വാരത്തിലും (ജൂലൈ 07- 16) ഓഗസ്റ്റ് പകുതിയോടെയും മണ്‍സൂണ്‍ ട്രഫിന്റെ വടക്കന്‍ അഗ്രം ഹിമാലയന്‍ അടിവാരങ്ങളിലേക്ക് (ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, പശ്ചിമ ബംഗാള്‍) നീങ്ങുകയുണ്ടായി. ഇതിന്റെ ഫലമായി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും നേപ്പാള്‍ അതിര്‍ത്തി മേഖലകളിലും അതിശക്തമായ മഴ പെയ്യുകയും ചെയ്തു.
തുടര്‍ച്ചയായ ന്യൂനമര്‍ദങ്ങള്‍ (Continuous Low Pressure Systems)
സാധാരണയായി ട്രഫ് ഹിമാലയന്‍ അടിവാരങ്ങളില്‍ ദീര്‍ഘകാലം തുടരുമ്പോഴാണ് 'ബ്രേക്ക് മണ്‍സൂണ്‍' (Break Monsoon) ഉണ്ടാകുന്നത്. എന്നാല്‍ ഇത്തവണ വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തുടര്‍ച്ചയായി പുതിയ ന്യൂനമര്‍ദ്ദങ്ങളും കാറ്റിന്റെ ചുഴലികളും (Cyclonic Circulations) രൂപപ്പെട്ടു കൊണ്ടിരുന്നു.
ട്രഫിനെ തെക്കോട്ട് വലിച്ച് നിര്‍ത്തിയ സിസ്റ്റം
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ഓരോ പുതിയ ന്യൂനമര്‍ദ്ദവും മണ്‍സൂണ്‍ ട്രഫിനെ വീണ്ടും കിഴക്ക് - മധ്യ ഇന്ത്യാ ഭാഗത്തേക്ക് (ഒഡിഷ, ഛത്തീസ്ഗഢ്, മധ്യപ്രദേശ് വഴി) തെക്കോട്ട് വലിച്ച് നിര്‍ത്തി. ഇത് കാരണം ട്രഫ് ഹിമാലയന്‍ നിരകളില്‍ സ്ഥിരമായി ഉറച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല.
കേരളത്തെയും തെക്കേ ഇന്ത്യയെയും ഇത് എങ്ങനെ ബാധിച്ചു?
ഓഫ്‌ഷോര്‍ ട്രഫ് (Off-Shore Trough): ബംഗാള്‍ ഉള്‍ക്കടലിലെ സിസ്റ്റങ്ങളും അറബിക്കടലിലെ അനുകൂലമായ കാറ്റിന്റെ ഗതിയും കാരണം ഗുജറാത്ത് മുതല്‍ കേരള തീരം വരെ ഒരു 'ഓഫ്‌ഷോര്‍ ട്രഫ്' (തീരദേശ ന്യൂനമര്‍ദ പാത്തി) സജീവമായി നിലനിന്നു. ഇതാണ് നമുക്ക് പ്രാദേശിക പ്രളയത്തിന് കാരണമായ മഴ ഡോള്‍ഫിന്‍ ചുഴലിക്കാറ്റ് സമയത്ത് കാരണമായത്.
മണ്‍സൂണ്‍ ട്രഫ് വടക്കോട്ട് പോയി ദീര്‍ഘകാല 'ബ്രേക്ക്' ഉണ്ടാക്കുന്നതിന് പകരം, അറബിക്കടലില്‍ നിന്ന് ഈര്‍പ്പമുള്ള കാറ്റ് പടിഞ്ഞാറന്‍ തീരത്തേക്ക് തുടര്‍ച്ചയായി അടിച്ചുകൊണ്ടിരുന്നു. ഇതാണ് ഇത്തവണ തെക്കേ ഇന്ത്യയില്‍ നീണ്ട മഴയില്ലാത്ത ഇടവേളകള്‍ അനുഭവപ്പെടാതിരിക്കാന്‍ പ്രധാന കാരണം. മണ്‍സൂണ്‍ ട്രഫ് ഹിമാലയന്‍ നിരകളിലേക്ക് നീങ്ങിയെങ്കിലും ബംഗാള്‍ ഉള്‍ക്കടലില്‍ തുടരെ രൂപപ്പെട്ട ന്യൂനമര്‍ദ്ദങ്ങള്‍ അതിനെ വീണ്ടും തെക്കോട്ട് തിരിച്ചു കൊണ്ടുവന്നതു കൊണ്ടാണ് (Oscillation) ദീര്‍ഘനേരത്തെ 'മണ്‍സൂണ്‍ ബ്രേക്ക്' ഒഴിവായത്.
English Summary : Karkidakam Ends, Chingam Arrives: Why Kerala Experienced an 'Unbroken' Monsoon This Year. This article explains the weather phenomena behind why Kerala did not experience the typical "Monsoon Break" a 7 to 10-day period of little to no rainfall with bright sunshine usually seen during the month of Karkidakam. According to weather forecasters at Metbeat Weather, although a technical break occurred, it went unfelt in practice due to several interacting atmospheric factors