Newsroom
എല്‍നിനോ അതിവേഗം ശക്തിപ്പെടുന്നു, കേരളം കാത്തിരിക്കുന്നത് ചൂടുള്ള മഞ്ഞുകാലവും പൊള്ളുന്ന വേനലും
Metbeat News

എല്‍നിനോ അതിവേഗം ശക്തിപ്പെടുന്നു, കേരളം കാത്തിരിക്കുന്നത് ചൂടുള്ള മഞ്ഞുകാലവും പൊള്ളുന്ന വേനലും

El Niño Intensifies Rapidly: Kerala Faces Warmer Winter, Scorching Summer, and Imminent Drought.

എല്‍നിനോ അതിവേഗം ശക്തിപ്പെടുന്നു, കേരളം കാത്തിരിക്കുന്നത് ചൂടുള്ള മഞ്ഞുകാലവും പൊള്ളുന്ന വേനലും

പസഫിക് സമുദ്രത്തിലെ ഉപരിതല താപനില സാധാരണയേക്കാള്‍ കൂടുതല്‍ വര്‍ധിക്കുന്ന പ്രതിഭാസമായ എല്‍നിനോ അതിവേഗം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ കേരളം കാത്തിരിക്കുന്നത് ചൂടുള്ള തണുപ്പുകാലവും പൊള്ളുന്ന വേനല്‍ കാലവും. മണ്‍സൂണിനെ തകിടം മറിയ്ക്കാന്‍ ശേഷിയുള്ളയത്ര അളവില്‍ എല്‍നിനോ ശക്തിപ്പെട്ടിട്ടുണ്ട്. ഇനിയും താപനില പസഫിക് സമുദ്രത്തിലെ ഭൂമധ്യരേഖാ പ്രദേശത്ത് കൂടുമെന്നാണ് വിവിധ പ്രവചന മാതൃകകള്‍ സൂചിപ്പിക്കുന്നത്.

നിനോ സൂചിക കുതിക്കുന്നു

നിലവില്‍ നിനോ സൂചിക 1 ഡിഗ്രിയിലധികം താപനില വര്‍ധിച്ചിട്ടുണ്ട്. ഇത് 2 ഡിഗ്രിവരെ എത്തുമെന്നാണ് പ്രവചനം. എല്‍നിനോ ശക്തിപ്പെടുമ്പോള്‍ അതിന്റെ പ്രത്യാഘാതങ്ങളും കൂടും. ഇന്ത്യയില്‍ മണ്‍സൂണിനെ ദുര്‍ബലപ്പെടുത്തുകയും വരള്‍ച്ചയിലേക്ക് നയിക്കുകയും ചെയ്യും. കൃഷിയെയും ഇതു ദോഷകരമായി ബാധിക്കും. 2027 ലെ വേനല്‍ കാലം കടുത്തതാകും. വരള്‍ച്ച കൃഷിയെയും ഭക്ഷ്യ വിലക്കയറ്റത്തിനും ഇടയാക്കും. 

വരും മാസങ്ങളില്‍ രൂക്ഷമായ സാഹചര്യം

കിഴക്കന്‍ ട്രോപിക് പസഫിക് സമുദ്രത്തില്‍ നിന്ന് മധ്യ ട്രോപിക് പസഫിക് സമുദ്രത്തില്‍ വരെ താപനില കൂടി വരികയാണ്. അടുത്ത ഏതാനും മാസങ്ങളിലാണ് എല്‍നിനോയുടെ രൂക്ഷമായ സാഹചര്യം നാം നേരിടുകയെന്ന് മെറ്റ്ബീറ്റ് വെതര്‍ സ്ഥാപകന്‍ വെതര്‍മാന്‍ കേരള പറയുന്നു. നിലവില്‍ മണ്‍സൂണ്‍ കാറ്റിന്റെ ശക്തി ദുര്‍ബലപ്പെട്ടിട്ടുണ്ട്. എല്‍നിനോകള്‍ വാണിജ്യ വാതങ്ങളെ പ്രതികൂലമായി ബാധിക്കും. ഇതാണ് മഴ കര്‍ക്കിടകത്തിലും കുറയാന്‍ കാരണം. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ശക്തമായ ന്യൂനമര്‍ദങ്ങള്‍ വന്നാലല്ലാതെ കേരളത്തില്‍ ഏതാനും ദിവസം തുടരുന്ന ശക്തമായ മഴക്കു സാധ്യതയുള്ളൂ. 

മഴക്കുറവില്‍ കേരളം റെക്കോര്‍ഡിലേക്ക് ?

കാലവര്‍ഷക്കാലത്ത് പടിഞ്ഞാറന്‍ കാറ്റുകളാണ് പശ്ചിമഘട്ടങ്ങളില്‍ മഴ നല്‍കി കേരളത്തിന് ആവശ്യമായ മഴ നല്‍കുന്നത്. കേരളത്തില്‍ നിലവില്‍ 33 ശതമാനം മഴക്കുറവുണ്ട്. പ്രധാന ജലസംഭരണികളുള്ള മലയോര ജില്ലകളില്‍ ഏറ്റവും മഴ കുറഞ്ഞ പട്ടികയില്‍ ഉള്‍പ്പെട്ടത് വരാനിരിക്കുന്ന ഊര്‍ജ പ്രതിസന്ധിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. 

വയനാട് ജില്ലയില്‍ 61 ശതമാനവും ഇടുക്കിയില്‍ 57 ശതമാനവും മഴക്കുറവുണ്ട്. തിരുവനന്തപുരം, കോട്ടയം ഒഴികെയുള്ള 12 ജില്ലകളിലും മണ്‍സൂണ്‍ വലിയ തോതില്‍ കുറഞ്ഞിട്ടുണ്ട്. 

ഇപ്പോഴത്തെ ന്യൂനമര്‍ദത്തിലും പ്രതീക്ഷയില്ല

കഴിഞ്ഞ ദിവസം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം വടക്കന്‍ ഒഡിഷ, പശ്ചിമബംഗാള്‍ ഭാഗത്തേക്ക് നീങ്ങിയതോടെ കേരളത്തിലേക്കുള്ള മഴ ഇല്ലാതായി. പടിഞ്ഞാറന്‍ കാറ്റുകളെ ഈ ന്യൂനമര്‍ദം കാരണം മധ്യ ഇന്ത്യയിലേക്ക് ആകര്‍ഷിക്കപ്പെടുകയാണ്. കര്‍ക്കിടക മാസം ആരംഭിക്കുമ്പോള്‍ കേരളത്തില്‍ ശക്തമായ കാലവര്‍ഷം ലഭിക്കേണ്ടതാണെങ്കിലും എല്‍നിനോ മൂലം ദുര്‍ബലമായ പടിഞ്ഞാറന്‍ കാറ്റ് ഈ സീസണില്‍ കാലാവസ്ഥാ നിരീക്ഷകര്‍ പ്രതീക്ഷച്ചതിലേറെ ശക്തികുറഞ്ഞ നിലയിലാണ്.

വരുന്ന ആഴ്ചകളിലും ആശ്വാസത്തിന് വകയില്ല

വരുന്ന ആഴ്ചകളിലും ശക്തമായ മഴ ലഭിക്കുമെന്ന അന്തരീക്ഷ സൂചനകളൊന്നും നമുക്കു മുന്നിലില്ല. മഴ മാറി നിന്നതോടെ താപനിലയിലും കേരളത്തില്‍ വര്‍ധനവ് രേഖപ്പെടുത്തുകയാണ്. സാധാരണയേക്കാള്‍ 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയാണ് കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ രേഖപ്പെടുത്തിയത്.

അറബിക്കടല്‍ ചൂടാകുന്നതും ഇടിമിന്നല്‍ മഴയും

കാലവര്‍ഷം ദുര്‍ബലമാകുന്നത് അറബിക്കടലിനെ ചൂടാക്കി തന്നെ നിലനിര്‍ത്തുമെന്ന പ്രതിസന്ധിയുമുണ്ട്. ഇത് ഇടിയോടു കൂടെയുള്ള മേഘങ്ങളെ സൃഷ്ടിക്കുന്നതിനും മിന്നല്‍ പ്രളയത്തിന് കാരണമാകുന്ന ഒറ്റപ്പെട്ട കനത്ത മഴ സൃഷ്ടിക്കുകയും ചെയ്യും. പെട്ടെന്നുള്ള ഇത്തരം മഴ പലപ്പോഴും പ്രവചനങ്ങളെയും മുന്നറിയിപ്പ് സംവിധാനങ്ങളെയും തെറ്റിച്ചാണുണ്ടാകുക. 

തുലാവര്‍ഷവും കുറയും, വരള്‍ച്ച കാത്തിരിക്കണം

1997-98 കാലത്തെ ഏറ്റവും ശക്തമായ എല്‍നിനോയുടെ സമാന ശക്തിയാണ് ഈ വര്‍ഷത്തെ എല്‍നീനോയും ഉണ്ടാക്കുകയെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍. ഈ വര്‍ഷത്തെ എല്‍നിനോ ഏറ്റവും മൂര്‍ധന്യാവസ്ഥയിലെത്തുക 2026 ഒക്ടോബര്‍ - ഡിസംബര്‍ മാസത്തിലാകാനാണ് സാധ്യത. 2027 ലെ വേനല്‍ക്കാലത്തെ ഇത് ദോഷകരമായി ബാധിക്കും. 

സര്‍ക്കാര്‍ മുന്നൊരുക്കം നേരത്തെ തുടങ്ങണം

നമ്മുടെ തുലാവര്‍ഷ സീസണിലാണ് എല്‍നിനോ ഏറ്റവും ശക്തിപ്പെടുകയെന്നതാനാല്‍ കാലവര്‍ഷത്തിനു പിന്നാലെ തുലാവര്‍ഷവും കുറയുന്ന സാഹചര്യം കേരളം മുന്നില്‍ കാണണം. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇതെല്ലാം മുന്‍കൂട്ടി കണ്ട് മുന്നൊരുക്കങ്ങള്‍ നടത്തിയില്ലെങ്കില്‍ സ്ഥിതി സങ്കീര്‍ണമാകും. മാര്‍ച്ച് മുതല്‍ മെയ് മാസങ്ങളില്‍ ഉഷ്ണ തരംഗം പോലുള്ള പ്രതിസന്ധികളെയും ജലക്ഷാമത്തെയും നേരിടാന്‍ ഇപ്പോഴേ സജ്ജമാകണം.

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഈ ആഘാതം കുറയ്ക്കാന്‍ റവന്യൂ, ജലവിഭവ, കാര്‍ഷിക, ആരോഗ്യ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ട് ഒരു 'അടിയന്തര ടാസ്‌ക് ഫോഴ്‌സ്' (Task Force) സര്‍ക്കാര്‍ തലത്തില്‍ പ്രവര്‍ത്തിച്ചാല്‍ ദുരന്ത ആഘാതം കുറയ്ക്കാനാകും. അതിനായുള്ള ചില നിര്‍ദേശങ്ങള്‍ ഞങ്ങള്‍ മുന്നോട്ടു വയ്ക്കുന്നു. 

ജലസംരക്ഷണവും കുടിവെള്ള വിതരണവും (Water Management)

മഴക്കുറവ് മൂലം ഭൂഗര്‍ഭ ജലനിരപ്പ് താഴുമെന്നതിനാല്‍ ജലസ്രോതസ്സുകള്‍ സംരക്ഷിക്കുകയാണ് ഏറ്റവും പ്രധാനം.

 അടിയന്തര മഴവെള്ള സംഭരണം: തുലാവര്‍ഷത്തില്‍ ലഭിക്കുന്ന ചെറിയ മഴപോലും പരമാവധി സംഭരിക്കാന്‍ പൊതുസ്ഥലങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളിലും വീടുകളിലും മഴവെള്ള സംഭരണികള്‍ (Rainwater Harvesting) നിര്‍ബന്ധമാക്കുക.

തണ്ണീര്‍ത്തടങ്ങളും തടയണകളും പുനരുജ്ജീവിപ്പിക്കുക: 'തണ്ണീര്‍ത്തട സംരക്ഷണം', കിണര്‍ റീചാര്‍ജിങ് എന്നിവ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ (പഞ്ചായത്ത്/മുനിസിപ്പാലിറ്റി) വഴി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വേഗത്തിലാക്കുക. പുഴകളിലും തോടുകളിലും താല്‍ക്കാലിക തടയണകള്‍ (Check dams) നിര്‍മ്മിച്ച് വെള്ളം നിര്‍ത്തി നിര്‍ത്തുക.

 കുടിവെള്ള മാപ്പിംഗ്: ജലക്ഷാമം രൂക്ഷമാകാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ (Water Scarctiy Hotspots) മുന്‍കൂട്ടി കണ്ട്, അവിടേക്ക് ടാങ്കറുകള്‍ വഴി കുടിവെള്ളം എത്തിക്കാനുള്ള വിതരണ ശൃംഖല ഇപ്പോള്‍ത്തന്നെ ആസൂത്രണം ചെയ്യുക.

വാട്ടര്‍ അതോറിറ്റിയുടെ അറ്റകുറ്റപ്പണികള്‍: പൈപ്പ് ലൈനുകളിലെ ചോര്‍ച്ചകള്‍ പൂര്‍ണ്ണമായി പരിഹരിച്ച് പരമാവധി കുടിവെള്ളം പാഴാകാതെ സൂക്ഷിക്കുക.

ഊര്‍ജ്ജ പ്രതിസന്ധി മറികടക്കല്‍ (Power Sector)

ഇടുക്കി, വയനാട് തുടങ്ങിയ പ്രധാന ജലസംഭരണികളില്‍ മഴക്കുറവ് ഉള്ളതിനാല്‍ വൈദ്യുതി ഉല്‍പ്പാദനം പ്രതിസന്ധിയിലാകും.

ബദല്‍ ഊര്‍ജ്ജ സ്രോതസ്സുകള്‍: വേനലിലെ ഉയര്‍ന്ന വൈദ്യുതി ഉപഭോഗം കണക്കിലെടുത്ത് സൗരോര്‍ജ്ജ പദ്ധതികള്‍ (Solar Power) പരമാവധി പ്രോത്സാഹിപ്പിക്കുകയും ഗ്രിഡിലേക്ക് ഘടിപ്പിക്കുകയും ചെയ്യുക.

 മുന്‍കൂട്ടി വൈദ്യുതി വാങ്ങല്‍: വരും മാസങ്ങളില്‍ പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ടി വരുമെന്നതിനാല്‍ മറ്റ് സംസ്ഥാനങ്ങളിലെ പവര്‍ ഗ്രിഡുകളുമായി മുന്‍കൂട്ടി കരാറുകളില്‍ ഏര്‍പ്പെടുക.

വൈദ്യുതി വിനിയോഗ നിയന്ത്രണം: പീക്ക് അവറുകളില്‍ (Peak Hours) വൈദ്യുതി വിനിയോഗം കുറയ്ക്കാന്‍ ജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കുക.

കാര്‍ഷിക മേഖലയിലെ മുന്‍കരുതലുകള്‍ (Agriculture)

വരള്‍ച്ചയും ഭക്ഷ്യ വിലക്കയറ്റവും തടയാന്‍ കര്‍ഷകരെ സഹായിക്കേണ്ടതുണ്ട്.

അണക്കെട്ടുകളിലെ ജല ക്രമീകരണം: കൃഷിക്കായി അണക്കെട്ടുകളില്‍ നിന്നുള്ള വെള്ളം തുറന്നുവിടുന്നത് കൃത്യമായ പ്ലാനിങ്ങോടെയും മുന്‍ഗണനാക്രമത്തിലും (ആദ്യം കുടിവെള്ളം, പിന്നീട് കൃഷി) ആക്കുക.

 തുള്ളിനന (Drip Irrigation) പ്രോത്സാഹിപ്പിക്കുക: വെള്ളം കുറച്ചുമാത്രം ആവശ്യമുള്ള ജലസേചന രീതികളിലേക്ക് മാറാന്‍ കര്‍ഷകര്‍ക്ക് സബ്‌സിഡികളും സഹായങ്ങളും നല്‍കുക.

വരള്‍ച്ചയെ പ്രതിരോധിക്കുന്ന വിത്തുകള്‍: കടുത്ത ചൂടിനെ അതിജീവിക്കുന്ന ഹ്രസ്വകാല നെല്‍വിത്തുകളും പച്ചക്കറി വിത്തുകളും കര്‍ഷകര്‍ക്ക് വിതരണം ചെയ്യുക.

വിപണി ഇടപെടല്‍: ഭക്ഷ്യവിലക്കയറ്റം തടയാന്‍ സിവില്‍ സപ്ലൈസ്, കണ്‍സ്യൂമര്‍ഫെഡ് എന്നിവ വഴി അവശ്യസാധനങ്ങളുടെ സ്റ്റോക്ക് മുന്‍കൂട്ടി ഉറപ്പാക്കുക.

ആരോഗ്യ മേഖലയും ദുരന്ത നിവാരണവും (Health & Disaster Management)

ഉഷ്ണതരംഗം (Heat Wave), സൂര്യാഘാതം എന്നിവ നേരിടാന്‍ ആരോഗ്യവകുപ്പ് സജ്ജമാകണം.

ഹീറ്റ് ആക്ഷന്‍ പ്ലാന്‍ (Heat Action Plan): തൊഴില്‍ സമയം പുനഃക്രമീകരിക്കുക (ഉച്ചയ്ക്ക് 12 മുതല്‍ 3 വരെയുള്ള സമയങ്ങളില്‍ വെയിലത്ത് ജോലി ചെയ്യുന്നത് വിലക്കുക).

കൂളിംഗ് സെന്ററുകള്‍: പൊതുസ്ഥലങ്ങളിലും ബസ് സ്റ്റാന്‍ഡുകളിലും തണ്ണീര്‍പ്പന്തലുകളും ഒആര്‍എസ് (ORS) കൗണ്ടറുകളും സജ്ജമാക്കുക.

 ആശുപത്രികളുടെ സജ്ജീകരണം: സൂര്യാഘാതം ഏല്‍ക്കുന്നവരെ ചികിത്സിക്കാന്‍ എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ടൗണ്‍ ആശുപത്രികളിലും പ്രത്യേക 'കൂളിംഗ് വാര്‍ഡുകള്‍' ഒരുക്കുക.

മിന്നല്‍ പ്രളയ മുന്നറിയിപ്പുകള്‍: അറബിക്കടല്‍ ചൂടാകുന്നത് കൊണ്ട് പെട്ടെന്നുണ്ടാകുന്ന മേഘവിസ്‌ഫോടനങ്ങളും മിന്നല്‍ പ്രളയങ്ങളും (Flash floods) നേരിടാന്‍ റഡാര്‍ സംവിധാനങ്ങളും ദുരന്തനിവാരണ സേനയെയും (NDRF/SDMA) എപ്പോഴും സജ്ജമാക്കി നിര്‍ത്തുക.

കാട്ടുതീ പ്രതിരോധം (Forest Fire Mitigation)

വനങ്ങള്‍ ഉണങ്ങുന്നത് കാട്ടുതീയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കും.

ഫയര്‍ ലൈനുകള്‍ നിര്‍മ്മിക്കുക: വനാതിര്‍ത്തികളില്‍ ഫയര്‍ ലൈനുകള്‍ (Fire lines) തെളിക്കുന്നത് വേഗത്തിലാക്കുക.

  ഫോറസ്റ്റ് വാച്ചര്‍മാരുടെ സേവനം: വനമേഖലകളില്‍ നിരീക്ഷണം ശക്തമാക്കുകയും ഡ്രോണ്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് തീപിടുത്തങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തുകയും ചെയ്യുക.

English Summary : El Niño Intensifies Rapidly: Kerala Faces Warmer Winter, Scorching Summer, and Imminent Drought. The rapid intensification of the El Niño phenomenon in the Pacific Ocean is pointing toward a severe climate crisis for Kerala, marked by an unusually warm winter and an intensely scorching summer ahead.

More from Metbeat

കാലാവസ്ഥാ നിരീക്ഷണവും ദുരന്തപ്രതികരണവും ശക്തിപ്പെടുത്തും: മന്ത്രി ടി. സിദ്ദീഖ്
Environment

കാലാവസ്ഥാ നിരീക്ഷണവും ദുരന്തപ്രതികരണവും ശക്തിപ്പെടുത്തും: മന്ത്രി ടി. സിദ്ദീഖ്

an hour agoManeesha Prasoon
ശക്തമായ കാറ്റിന് മുന്നറിയിപ്പ്; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദ്ദേശം
Metbeat

ശക്തമായ കാറ്റിന് മുന്നറിയിപ്പ്; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദ്ദേശം

30/07/2026Maneesha Prasoon
പാംബ്ല അണക്കെട്ട് ഇന്ന് രാത്രി തുറക്കും; കടലിൽ ശക്തമായ കാറ്റിന് മുന്നറിയിപ്പ്
Metbeat

പാംബ്ല അണക്കെട്ട് ഇന്ന് രാത്രി തുറക്കും; കടലിൽ ശക്തമായ കാറ്റിന് മുന്നറിയിപ്പ്

30/07/2026Maneesha Prasoon
ഓറഞ്ച് അലർട്ട്: കാസർഗോഡ്, എറണാകുളം, ആലപ്പുഴ, വയനാട് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
Metbeat

ഓറഞ്ച് അലർട്ട്: കാസർഗോഡ്, എറണാകുളം, ആലപ്പുഴ, വയനാട് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

30/07/2026Maneesha Prasoon
അഞ്ച് നൂറ്റാണ്ടുകൾക്ക് ശേഷം മരുഭൂമിക്കടിയിൽ നിന്ന് സ്വർണനിധിയുമായി പോർച്ചുഗീസ് കപ്പൽ
Metbeat

അഞ്ച് നൂറ്റാണ്ടുകൾക്ക് ശേഷം മരുഭൂമിക്കടിയിൽ നിന്ന് സ്വർണനിധിയുമായി പോർച്ചുഗീസ് കപ്പൽ

30/07/2026Maneesha Prasoon
ജപ്പാനിലെ ഭൂചലനം: മരണം 34 ആയി; കടുത്ത ചൂടിൽ വലഞ്ഞ് ദുരന്തബാധിതർ
Metbeat

ജപ്പാനിലെ ഭൂചലനം: മരണം 34 ആയി; കടുത്ത ചൂടിൽ വലഞ്ഞ് ദുരന്തബാധിതർ

30/07/2026Maneesha Prasoon