Newsroom
എല്‍ നിനോ വേഗത്തില്‍ വരുന്നു: ഇന്ത്യന്‍ മണ്‍സൂണിന് വന്‍ ഭീഷണിയോ? കേരളത്തെ എങ്ങനെ ബാധിക്കും?
Metbeat News

എല്‍ നിനോ വേഗത്തില്‍ വരുന്നു: ഇന്ത്യന്‍ മണ്‍സൂണിന് വന്‍ ഭീഷണിയോ? കേരളത്തെ എങ്ങനെ ബാധിക്കും?

പസഫിക് സമുദ്രത്തില്‍ അതിവേഗം ശക്തിപ്രാപിക്കുന്ന എല്‍ നിനോ (El Niño) ഈ വര്‍ഷത്തെ ഇന്ത്യന്‍ മണ്‍സൂണിന് ഭീഷണിയാകുന്നു.

എല്‍ നിനോ വേഗത്തില്‍ വരുന്നു: ഇന്ത്യന്‍ മണ്‍സൂണിന് വന്‍ ഭീഷണിയോ? കേരളത്തെ എങ്ങനെ ബാധിക്കും?

പസഫിക് സമുദ്രത്തില്‍ ചൂട് സാധാരണയില്‍ കൂടുതല്‍ കൂടുമ്പോഴുണ്ടാകുന്ന പ്രതിഭാസമായ എല്‍നിനോ (El Niño) അതിവേഗം രൂപപ്പെടുന്നു. എല്‍ നിനോ പ്രതീക്ഷിച്ചതിനേക്കാള്‍ നേരത്തെ രൂപപ്പെടുന്നത് ഈ വര്‍ഷത്തെ ഇന്ത്യന്‍ മണ്‍സൂണിനെ (കാലവര്‍ഷം) പ്രതികൂലമായി ബാധിച്ചേക്കുമെന്നാണ് ആശങ്ക.

നേരത്തെ ജൂലൈ മാസമാണ് എല്‍ നിനോ രൂപപ്പെടാന്‍ സാധ്യതയെന്നായിരുന്നു പ്രവചനം. എന്നാല്‍ പുതുക്കിയ പ്രവചനത്തില്‍ ജൂണ്‍- ജൂലൈ മാസങ്ങളില്‍ തന്നെ എല്‍നിനോ രൂപപ്പെടാനുള്ള സാധ്യത 80 ശതമാനത്തിലെത്തിയിട്ടുണ്ട്. ഇതോടെ മണ്‍സൂണിന്റെ തുടക്കത്തില്‍ തന്നെ എല്‍നിനോ രൂപപ്പെടുമെന്ന ആശങ്കയാണ് ഉടലെടുക്കുന്നത്. 

സമുദ്രോപരിതലത്തിലും അടിത്തട്ടിലുമുണ്ടാകുന്ന പെട്ടെന്നുള്ള താപനില വ്യതിയാനം (Warming) ആണ് എല്‍നിനോയുടെ തീവ്രത വര്‍ധിപ്പിക്കുന്നത്. ഇന്ത്യന്‍ കാലവര്‍ഷത്തിന്റെ താളം തെറ്റിക്കാനുള്ള സാധ്യത കൂടുതലാണ്. 

എന്താണ് എല്‍ നിനോ? മണ്‍സൂണിനെ ബാധിക്കുന്നത് എങ്ങനെ?

പസഫിക് സമുദ്രത്തിലെ ഭൂമധ്യരേഖാ പ്രദേശത്ത് (Equatorial Region) സമുദ്രജലം അസാധാരണമായി ചൂടാകുന്ന പ്രതിഭാസമാണ് എല്‍ നിനോ. ഇത് ആഗോള കാലാവസ്ഥയെയും പ്രത്യേകിച്ച് ഉഷ്ണമേഖലാ പ്രദേശങ്ങളെയും ദോഷകരമായി ബാധിക്കാറുണ്ട്. ഇതുവരെയുള്ള എല്‍നിനോ സമയത്തെ ചരിത്രം പരിശോധിച്ചാല്‍, മുന്നില്‍ രണ്ടു തവണയും ഇന്ത്യന്‍ മണ്‍സൂണിനെ ബാധിച്ചതായും കാണാനാകും. എല്‍നിനോയുടെ കേന്ദ്രം എവിടെയാണെന്നതിനെ ആശ്രയിച്ചാണ് മണ്‍സൂണിന്റെ തീവ്രത നിശ്ചയിക്കപ്പെടുന്നതത്. 

മോഡോകി എല്‍ നിനോ (Modoki El Niño)

പസഫിക്കിന്റെ മധ്യഭാഗത്ത് ചൂട് കൂടുകയും ഇരുവശങ്ങളിലും തണുപ്പ് അനുഭവപ്പെടുകയും ചെയ്യുന്നതാണ് മൊഡോക്കി എല്‍നിനോ എന്നു പറയുന്നത്. നമ്മുടെ മണ്‍സൂണിനെ ഏറ്റവും മോശമായി ബാധിക്കുന്നത് ഇതാണ്. 

ബേസിന്‍വൈഡ് എല്‍ നിനോ (Basin Wide El Niño)

സമുദ്രത്തിലുടനീളം ചൂട് വ്യാപിക്കുന്ന ഈ അവസ്ഥയണിത.്  ഇതാണ് നിലവില്‍ രൂപപ്പെടുന്നത്. ഇത് ഇന്ത്യ, ഇന്തോനേഷ്യ, പടിഞ്ഞാറന്‍ ആഫ്രിക്ക എന്നിവിടങ്ങളിലെ മഴയെ ശക്തമായി ബാധിക്കും.

കാനോണിക് എല്‍ നിനോ (Canonic El Niño)

കിഴക്കന്‍ പസഫിക് മാത്രം ചൂടാകുന്ന ഈ അവസ്ഥയിലാണിത്. ഇന്ത്യന്‍ മണ്‍സൂണിന് ഏറ്റവും കുറഞ്ഞ ആഘാതം ഉണ്ടാകുന്നത് കാനോണിക് എല്‍നിനോയാണ്. 

നേരത്തെ വരുന്നു എല്‍ നിനോ

പുതുക്കിയ പ്രവചന പ്രകാരം മെയ്- ജൂലൈ കാലയളവില്‍ എല്‍ നിനോ ഉണ്ടാകാനുള്ള സാധ്യത 98 ശതമാനമാണ്.  ഇത് 2026  അവസാനം വരെ നീണ്ടുനില്‍ക്കാന്‍ 90- 95% സാധ്യതയുണ്ടെന്നാണ് ഐ.ആര്‍.ഐ (IRI) പ്രവചിക്കുന്നത്. ഈ നൂറ്റാണ്ടില്‍ തന്നെ ഇത്രയും ഉയര്‍ന്ന സാധ്യത ഇതാദ്യമായാണ്. അതിനാല്‍ ഈ വര്‍ഷത്തെ എല്‍നിനോയെ സജീവമായി നിരീക്ഷണം.

പസഫിക്കിലെ നിലവിലെ സ്ഥിതി (Nino Indices)

പസഫിക് സമുദ്രത്തിലെ ഏകദേശം 17 ദശലക്ഷം ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തെ താപനില നിരീക്ഷിച്ചാണ് എല്‍ നിനോ പ്രവചിക്കുന്നത്. നിലവില്‍ പസഫിക്കിന്റെ മധ്യഭാഗത്തെ താപനില എല്‍ നിനോ പരിധിക്കടുത്താണ് (Nino 3.4 ഇന്‍ഡക്‌സ്: 0.5°C). എന്നാല്‍ കിഴക്കന്‍ പസഫിക്കിലെ (Nino 1+2) താപനില കുത്തനെ ഉയര്‍ന്ന് 1.6°C ല്‍ എത്തിനില്‍ക്കുന്നു. വരും ആഴ്ചകളില്‍ ചൂട് ഇനിയും കൂടുമെന്നതിന്റെ വ്യക്തമായ സൂചനയാണിത്.

ഐ.ഒ.ഡിയും എം.ജെ.ഒയും (IOD and MJO Status)

മണ്‍സൂണിനെ സ്വാധീനിക്കുന്ന മറ്റ് രണ്ട് പ്രധാന ഘടകങ്ങളാണ് ഐ.ഒ.ഡിയും (Indian Ocean Dipole) എം.ജെ.ഒയും (Madden Julian Oscillation). എല്‍നിനോ പസഫിക് സമുദ്രത്തിലെന്ന പോലെ ഇന്ത്യന്‍ മഹാസമുദ്രത്തിലെ താപനിലയുമായി ബന്ധപ്പെട്ടതാണ് ഇന്ത്യന്‍ ഓഷ്യന്‍ ഡൈപോള്‍. 

പോസിറ്റീവ് ഐ.ഒ.ഡി സാധ്യത (Positive IOD)

ഇന്ത്യന്‍ മഹാസമുദ്രത്തിലെ താപനിലയെ സൂചിപ്പിക്കുന്ന ഐ.ഒ.ഡി നിലവില്‍ ന്യൂട്രല്‍ (Netural) അവസ്ഥയിലാണ് (മെയ് 24 ലെ കണക്ക് പ്രകാരം 0.34°C). ജൂണ്‍ മാസത്തിലും ഇത് ന്യൂട്രല്‍ ആയി തുടരുമെങ്കിലും പതുക്കെ പോസിറ്റീവ് ഘട്ടത്തിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്. പോസിറ്റീവ് ഐ.ഒ.ഡി സാധാരണയായി ഇന്ത്യയ്ക്ക് നല്ല മഴ നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ്. അതിനാല്‍ ഇത്തവണ എല്‍നിനോ ഭീഷണിയുണ്ടെങ്കിലും നമുക്ക് നേരിയ മഴ പ്രതീക്ഷ നല്‍കുന്നതാണ് ഐ.ഒ.ഡിയിലെ മാറ്റം. 

അന്തരീക്ഷത്തിലെ കാറ്റിന്റെ ആന്തോളനമായ എം.ജെ.ഒ നിലവില്‍ പടിഞ്ഞാറന്‍ പസഫിക്കിലേക്ക് നീങ്ങിയിട്ടുണ്ട്. ജൂണ്‍ ആദ്യവാരം വരെ ഇത് അവിടെ തുടരും. പടിഞ്ഞാറന്‍ പസഫിക്കിലെ പടിഞ്ഞാറന്‍ കാറ്റിന്റെ സാന്നിധ്യം സമുദ്രത്തെ വീണ്ടും ചൂടാക്കാനും എല്‍ നിനോ ശക്തമാക്കാനും കാരണമായേക്കും.

കേരളത്തെയും തെക്കേ ഇന്ത്യയെയും എങ്ങനെയെല്ലാം ബാധിക്കും?

എല്‍ നിനോ ശക്തമായാല്‍ രാജ്യവ്യാപകമായി മഴ കുറയാന്‍ സാധ്യതയുണ്ടെങ്കിലും, ഇന്ത്യയുടെ എല്ലാ ഭാഗങ്ങളെയും ഇത് ഒരേപോലെയല്ല ഇതു ബാധിക്കുക.

വടക്കന്‍ - മധ്യ ഇന്ത്യ

ചരിത്രപരമായി എല്‍ നിനോ ഏറ്റവും കൂടുതല്‍ നാശം വിതയ്ക്കുന്നത് വടക്കന്‍, മധ്യ ഇന്ത്യന്‍ സംസ്ഥാനങ്ങളിലാണ്. ഇവിടെ കടുത്ത വരള്‍ച്ചയ്ക്ക് സാധ്യതയുണ്ട്.

തെക്കേ ഇന്ത്യയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും

വടക്കന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് എല്‍ നിനോ തെക്കേ ഇന്ത്യയോട് (കേരളം ഉള്‍പ്പെടെ) പണ്ടുമുതലേ കുറച്ചുകൂടി കാരുണ്യം കാണിക്കാറുണ്ട്. അതുകൊണ്ട് തന്നെ കേരളത്തില്‍ വലിയ തോതിലുള്ള മഴക്കുറവ് ഉണ്ടായേക്കില്ല എന്നാണ് വിലയിരുത്തല്‍. എങ്കിലും കൃത്യമായ മഴ ലഭ്യത അറിയാന്‍ വരും ദിവസങ്ങളിലെ ഐ.ഒ.ഡി (IOD) മാറ്റങ്ങള്‍ കൂടി നിരീക്ഷിക്കേണ്ടതുണ്ട്.

English Summary : El Nino and Indian Monsoon Updates Malayalam.  

Kerala Weather 14/08/26 : തീവ്ര ന്യൂനമർദ്ദം; ഇന്നും നാളെയും കൂടുതൽ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴ സാധ്യത

തീരദേശ ബംഗാളിന് മുകളിൽ സ്ഥിതി ചെയ്യുന്ന തീവ്ര ന്യൂനമർദ്ദം (Deep Depression) ൻ്റെ സ്വാധീനം മൂലം കേരളത്തിൽ ഇന്നും നാളെയും കൂടുതൽ പ്രദേശങ്ങളിൽ മഴ സാധ്യത. മധ്യ ജില്ലകളിലും കിഴക്കൻ മേഖലകളിലും ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കും. എല്ലാ ജില്ലകളിലും ഏതാനും പ്രദേശങ്ങളിൽ ശക്തമായ മഴ സാധ്യത നിലനിൽക്കുന്നുവെന്ന് Metbeat Weather പറയുന്നു.

പടിഞ്ഞാറൻ കാറ്റിന് ശക്തി കൂടിയതിനാൽ അറബിക്കടലിൽ രൂപം കൊള്ളുന്ന മേഘങ്ങൾ കേരളത്തിൽ എത്തി പെയ്യാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ ചില പ്രദേശങ്ങളിൽ ഏറെ നേരം നീണ്ടുനിൽക്കില്ലെങ്കിലും കനത്ത മഴ ലഭിച്ചേക്കും . മഴയുടെ ശക്തിയും വെള്ളത്തിൻ്റെ അളവും കൂടുതലായിരിക്കും എങ്കിലും മഴ ദീർഘനേരം തുടരാനുള്ള സാധ്യത കുറവാണ് .

മിക്ക മഴയും അരമുതൽ ഒരു മണിക്കൂറിനുള്ളിൽ പെയ്തു തീരും. ഇടവേളകൾ ലഭിക്കുകയും ചെയ്യും.

വടക്കൻ ജില്ലകളിലും മധ്യകേരളത്തിലും തെക്കൻ ജില്ലകളിലും ഒരുപോലെ മഴ സാധ്യതയുണ്ട് ഈ വരുന്ന രണ്ടുദിവസം . ഞായറാഴ്ചക്ക് ശേഷം മഴയുടെ ശക്തിയിൽ കുറവുണ്ടാകും.

കണ്ണൂർ ജില്ലയുടെ കിഴക്കൻ മേഖല , കോഴിക്കോട് ജില്ലയുടെ ഇടനാട് പ്രദേശങ്ങൾ, മലപ്പുറം ജില്ലയുടെ കിഴക്കൻ പ്രദേശങ്ങൾ, എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലകൾ, ഇടുക്കി, പത്തനംതിട്ട , കോട്ടയം ജില്ലകൾ എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കാൻ സാധ്യത.

കേരളത്തിൽ ഇന്നും നാളെയും ശക്തമായ കാറ്റുകൾ സാധ്യതയുണ്ട്. പത്തനംതിട്ട , ആലപ്പുഴ , കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ കേന്ദ്ര കലാവസ്ഥ വകുപ്പ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

More from Metbeat