Newsroom
കേരളത്തിൽ ഇന്ന് തീവ്രമഴ മുന്നറിയിപ്പില്ല, 8 ജില്ലകളിൽ റെഡ് അലർട്ട്, കാലാവസ്ഥ അലർട്ട് വായിക്കാൻ പഠിക്കാം
Metbeat News

കേരളത്തിൽ ഇന്ന് തീവ്രമഴ മുന്നറിയിപ്പില്ല, 8 ജില്ലകളിൽ റെഡ് അലർട്ട്, കാലാവസ്ഥ അലർട്ട് വായിക്കാൻ പഠിക്കാം

റെഡ് അലർട്ട് എന്നത് എല്ലായിടത്തും അതിതീവ്ര മഴ ഉറപ്പാണ് എന്നല്ല അർഥമാക്കുന്നത്. ഇത് പലർക്കും തെറ്റിദ്ധാരണയുണ്ടാക്കുന്ന വിഷയമാണിത്.

കേരളത്തിൽ ഇന്ന് തീവ്രമഴ മുന്നറിയിപ്പില്ല, 8 ജില്ലകളിൽ റെഡ് അലർട്ട്, കാലാവസ്ഥ അലർട്ട് വായിക്കാൻ പഠിക്കാം

ഇന്ന് (ചൊവ്വ ) 8 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് കേരളത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ എവിടെയും തീവ്രമഴ കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) പ്രവചിച്ചിട്ടില്ല. പിന്നെ എന്തുകൊണ്ടാണ് റെഡ് അലർട്ട് നൽകിയത്. ഇങ്ങനെ ഒരു സംശയമാണ് നിങ്ങളുടെ മനസ്സിൽ വരുന്നുണ്ടാവുക.

കാലാവസ്ഥ അലർട്ടുകൾ ശരിയായി മനസ്സിലാക്കാത്തതാണ് ഇത്തരം സംശയങ്ങൾക്ക് കാരണം. ചില മാധ്യമങ്ങളിലും ഔദ്യോഗിക പേജിൽ പോലും  കാലാവസ്ഥാ വകുപ്പ് തീവ്രമഴ മുന്നറിയിപ്പ് നൽകിയെന്ന് പറയുന്നുണ്ടെങ്കിലും, അത്തരം ഒരു മുന്നറിയിപ്പ് ഇല്ല. കാലാവസ്ഥ വകുപ്പ് നൽകിയത് അതിശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പാണ്. തീവ്രമഴ അല്ല.

യഥാർത്ഥത്തിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് കേരളത്തിൽ നൽകിയത് ഒറ്റപ്പെട്ട ശക്തമായ അല്ലെങ്കിൽ അതിശക്തമായ മഴയ്ക്കുള്ള ( Isolated heavy to very heavy rain) മുന്നറിയിപ്പാണ്. റെഡ് അലർട്ട് മാത്രമുള്ള ജില്ലകളിൽ അല്ല ഓറഞ്ച് അലർട്ട് ഉള്ള ജില്ലകളിലും ഇങ്ങനെയാണ് നൽകിയത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി മഴപെയ്ത് കുതിർന്ന പ്രദേശങ്ങളിൽ അപകടസാധ്യത കണക്കിലെടുത്താണ് പലയിടത്തും റെഡ് അലർട്ട് നൽകിയത്. എന്നാൽ ചില ജില്ലകളിൽ ഇതേ ശക്തിയിൽ ഉള്ള മഴ പ്രവചിക്കുമ്പോഴും, കാലാവസ്ഥാവകുപ്പ് നൽകിയത് ഓറഞ്ച് അലർട്ട് മാത്രമാണ്. അതായത് അവിടെ മഴയുടെ അളവും ഭൂപ്രകൃതിയും മറ്റു ഘടകങ്ങളും വിലയിരുത്തുമ്പോൾ റെഡ് അലർട്ട് നൽകിയ പ്രദേശങ്ങളെ അപേക്ഷിച്ച് അപകട സാധ്യത കുറവാണ് എന്നർത്ഥം.

എല്ലാ Red Alert ഉം തീവ്രമഴയല്ല

റെഡ് അലർട്ട് എന്നത് എല്ലായിടത്തും അതിതീവ്ര മഴ ഉറപ്പാണ് എന്നല്ല അർഥമാക്കുന്നത്. ഇത് പലർക്കും തെറ്റിദ്ധാരണയുണ്ടാക്കുന്ന വിഷയമാണിത്.

ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) റെഡ് അലർട്ട് പ്രഖ്യാപിക്കുന്നത് ഒരു ജില്ലയിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ (Isolated places) അതിതീവ്ര മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്താണ്. അതിനൊപ്പം പ്രളയം, ഉരുൾപൊട്ടൽ, വെള്ളക്കെട്ട് തുടങ്ങിയ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും പരിഗണിക്കുന്നു.

Red alert പ്രഖ്യാപിച്ചാൽ നടപടിക്ക് ഒരുങ്ങുക എന്നാണ് അർത്ഥം. റവന്യൂ വകുപ്പും ദുരന്തനിവാരണ ഏജൻസിയും ആളുകളെ ഒഴിപ്പിക്കുന്ന ഉൾപ്പെടെയുള്ള  നടപടികളിലേക്ക് കടക്കും. ദുരന്തനിവാരണ നിയമത്തിന്റെ ഭാഗമായുള്ള നടപടികൾ, ആക്ഷൻ പ്ലാനുകൾ ആക്റ്റീവ് ആകും.

എന്തുകൊണ്ട് എല്ലാ റെഡ് അലർട്ടും തീവ്ര മഴയാകാറില്ല?

റെഡ് അലർട്ട് ഒരു മുന്നറിയിപ്പാണ്. സംഭവിച്ച മഴയുടെ റിപ്പോർട്ടല്ല.  മഴമേഘങ്ങളുടെ ദിശയിലോ ശക്തിയിലോ ചെറിയ മാറ്റം വന്നാൽ അതിതീവ്ര മഴ മറ്റൊരു പ്രദേശത്തേക്ക് മാറാം. ഒരു ജില്ലയിൽ ഒരു പ്രദേശത്ത് 200 മില്ലിമീറ്ററിലധികം മഴ ലഭിക്കുമ്പോൾ, അതേ ജില്ലയിലെ പല ഭാഗങ്ങളിലും സാധാരണ മഴ മാത്രമായിരിക്കാം. അതിനാലാണ് റെഡ് അലർട്ട് ഉണ്ടായിട്ടും ചില സ്ഥലങ്ങളിൽ വലിയ മഴ അനുഭവപ്പെടാതെ പോകുന്നത്.

അതുകൊണ്ട് റെഡ് അലർട്ട് പ്രഖ്യാപിച്ചാൽ “മഴ പെയ്തില്ല, അതിനാൽ മുന്നറിയിപ്പ് തെറ്റായിരുന്നു” എന്ന് പറയുന്നത് ശരിയല്ല. കാലാവസ്ഥാ മുന്നറിയിപ്പുകൾ സാധ്യതയെ അടിസ്ഥാനമാക്കിയുള്ളതാണ്. അപകടസാധ്യത മുൻകൂട്ടി കുറയ്ക്കുക എന്നതാണ് അവയുടെ പ്രധാന ലക്ഷ്യം.

കലക്ടർമാർ പറയുന്നത് ശരിയല്ലേ?

ജില്ലാ കലക്ടർമാർ IMD (ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്), സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി (KSDMA), മറ്റ് സാങ്കേതിക ഏജൻസികൾ എന്നിവയുടെ മുന്നറിയിപ്പുകളെ അടിസ്ഥാനമാക്കിയാണ് തീരുമാനങ്ങൾ എടുക്കുന്നത്.

അലർട്ട് പ്രഖ്യാപിച്ചത് കൊണ്ട് മാത്രം തീരുമാനമെടുക്കുന്നില്ല; പ്രാദേശിക മഴ, അണക്കെട്ടുകളിലെ ജലനിരപ്പ്, ഉരുൾപൊട്ടൽ സാധ്യത, നദികളുടെ സ്ഥിതി, ദുരന്തസാധ്യത തുടങ്ങിയ ഘടകങ്ങളും പരിഗണിക്കാറുണ്ട്. ചിലപ്പോൾ പൊതുജനങ്ങൾ റെഡ് അലർട്ടിനെ “ജില്ലയിലാകെ അതിതീവ്ര മഴ” എന്നാണ് മനസ്സിലാക്കുന്നത്. ഈ തെറ്റിദ്ധാരണ ആശയവിനിമയത്തിൽ നിന്നോ പൊതുബോധത്തിൽ നിന്നോ ഉണ്ടാകാം.

അതിനാൽ റെഡ് അലർട്ട് എന്നത് ജില്ലയിലാകെ അതിതീവ്ര മഴയെന്നല്ല അർഥമാക്കുന്നത്. എന്നാൽ ചില സന്ദർഭങ്ങളിൽ ഈ മുന്നറിയിപ്പിന്റെ അർഥം പൊതുജനങ്ങളിലേക്ക് വ്യക്തമായി എത്തിക്കുന്നതിലും, അതിന്റെ അടിസ്ഥാനത്തിൽ എടുക്കുന്ന തീരുമാനങ്ങൾ വിശദീകരിക്കുന്നതിലും കൂടുതൽ വ്യക്തത വേണമെന്ന വിമർശനം ഉയരുന്നുണ്ട്. കാലാവസ്ഥ വെബ്സൈറ്റുകളും സ്വതന്ത്ര കാലാവസ്ഥാ നിരീക്ഷകരും ഇത്തരം അറിവുകൾ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്.

കേരളം ദീർഘകാലം കാലാവസ്ഥ സുരക്ഷയുള്ള ഒരു സംസ്ഥാനം ആയതിനാൽ സാധാരണ ജനങ്ങൾക്ക് ഇത്തരം കാര്യങ്ങൾ മനസ്സിലായി തുടങ്ങാൻ സമയമെടുക്കും. എന്നാൽ സ്ഥിരമായി ദുരന്തങ്ങൾ ഉണ്ടാകുന്ന ഒരു സംസ്ഥാനത്തെ ജനങ്ങൾക്ക് ഇത്തരം കാര്യങ്ങൾ എളുപ്പത്തിൽ മനസ്സിലാകും. അവരുടെ അനുഭവങ്ങൾ മൂലം അവർ അത്തരം അറിവുകൾ ആർജിച്ചെടുക്കും.

എന്തുകൊണ്ട് മഞ്ഞ അലർട്ടിൽ സ്‌കൂളിന് അവധി നൽകുന്നു ?

മഞ്ഞ അലർട്ട് (Yellow Alert) ഉള്ളപ്പോൾ പോലും ചില ജില്ലകളിൽ സ്കൂളുകൾക്ക് അവധി നൽകുന്നത് അസാധാരണമല്ല. കാരണം, സ്കൂൾ അവധി തീരുമാനിക്കുന്നത് IMDയുടെ അലർട്ട് മാത്രം നോക്കിയല്ല. ഒരു ജില്ലയിൽ നദികൾ കരകവിഞ്ഞിരിക്കാം, വെള്ളക്കെട്ട് രൂക്ഷമായിരിക്കാം, ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങൾ ഉണ്ടായിരിക്കാം. അത്തരം സാഹചര്യങ്ങളിൽ മഞ്ഞ അലർട്ടായാലും അവധി പ്രഖ്യാപിക്കാം.

മഞ്ഞ അലർട്ട് എന്നത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ്. ഇതിനൊപ്പം ഇടിമിന്നൽ, ശക്തമായ കാറ്റ് എന്നിവയും ഉണ്ടാകാമെന്ന മുന്നറിയിപ്പുണ്ടെങ്കിൽ വിദ്യാർഥികളുടെ സുരക്ഷ മുൻനിർത്തി അവധി നൽകാം.

ജില്ലാ കലക്ടർ, ദുരന്തനിവാരണ അതോറിറ്റി, റവന്യൂ, പൊലീസ്, വിദ്യാഭ്യാസ വകുപ്പ് എന്നിവരിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളും പരിഗണിച്ചാണ് തീരുമാനം.
റോഡുകളിൽ വെള്ളക്കെട്ട്, മരങ്ങൾ വീഴാനുള്ള സാധ്യത, മലമ്പ്രദേശങ്ങളിലെ അപകടസാധ്യത, സ്കൂൾ വാഹനങ്ങളുടെ സുരക്ഷ എന്നിവയും നിർണായകമാണ്.

അതിനാൽ, മഞ്ഞ അലർട്ട് അവധിയില്ല എന്നോ റെഡ് അലർട്ട് നിർബന്ധമായും അവധി എന്നോ ഒരു നിശ്ചിത നിയമമില്ല. റെഡ് അലർട്ട് പ്രഖ്യാപിച്ചാൽ ഏകദേശം അവധി ഉറപ്പായും നൽകാറുണ്ട്.  സ്കൂൾ അവധി പ്രഖ്യാപിക്കുന്നത് കാലാവസ്ഥാ മുന്നറിയിപ്പിനൊപ്പം അതത് ജില്ലയിലെ യഥാർഥ അപകടസാധ്യതയും പ്രാദേശിക സാഹചര്യങ്ങളും വിലയിരുത്തിയാണ്.

മഴയുടെ അളവുകളും ശക്തിയും അറിയാം

  • നേരിയ മഴ (Light) – 2.5–15.5 മില്ലീമീറ്റർ
  • മിതമായ മഴ (Moderate) – 15.6–64.4 മില്ലീമീറ്റർ
  • കനത്ത മഴ (Heavy) – 64.5–115.5 മില്ലീമീറ്റർ
  • അതിശക്തമായ മഴ (Very Heavy) – 115.6–204.4 മില്ലീമീറ്റർ
  • അതിതീവ്ര മഴ (Extremely Heavy) – 204.4 മില്ലിമീറ്റർ

ഇന്നത്തെ റെഡ് അലർട്ട്

ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്, റെഡ് ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ച എല്ലാ ജില്ലകളിലും ഒരേ തീവ്രതയുള്ള മഴയാണ് പ്രതീക്ഷിക്കുന്നത്. മുകളിൽ പറഞ്ഞതുപോലെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കൊണ്ടും മറ്റും ചില ജില്ലകളിൽ ആഘാതം കൂടാൻ സാധ്യതയുണ്ട്. അതുകൊണ്ട് റെഡ് അലർട്ട് നൽകിയിരിക്കുന്നു. അല്ലാതെ ഇന്ന് തീവ്രമഴ പെയ്യുമെന്ന പ്രവചനം കാലാവസ്ഥാവകുപ്പിന്റെ ബുള്ളറ്റിനുകളിൽ ഇല്ല.

അതേസമയം റെഡ് അലർട്ട് പ്രഖ്യാപിച്ചാൽ തീവ്രമഴ ഇല്ലെങ്കിലും, ജാഗ്രതയും, ആവശ്യമെങ്കിൽ വീട് മാറി താമസിക്കേണ്ട കാര്യങ്ങളും ചെയ്യണം എന്നാണ്. ആഘാതത്തിന് സാധ്യതയുണ്ട് എന്നാണ് അർത്ഥം. കുറേ ദിവസങ്ങളിൽ മഴപെയ്ത പ്രദേശത്ത് ചെറിയ മഴ പോലും സങ്കീർണമായ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.

കാലാവസ്ഥ മുന്നറിയിപ്പുകൾ എങ്ങനെ മനസ്സിലാക്കാം ? 

കാലാവസ്ഥ വിവരങ്ങൾ മുന്നറിയിപ്പുകൾ റിപ്പോർട്ടുകൾ എന്നിവ നന്നായി മനസ്സിരുത്തി വായിച്ച് മനസ്സിലാക്കണം.  അതിന്റെ സാങ്കേതിക പദപ്രയോഗങ്ങൾ ആശയക്കുഴപ്പം ഉണ്ടാക്കാൻ സാധ്യതയുള്ളതിനാലാണ്.

അലർട്ടുകൾ നിങ്ങൾക്ക് ആദ്യം അറിയാം IMD വെബ്സൈറ്റിലൂടെ

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ തിരുവനന്തപുരം അന്തരീക്ഷ ശാസ്ത്ര കേന്ദ്രമാണ് അലർട്ടുകൾ പുറപ്പെടുവിക്കുന്നത്. തിരുവനന്തപുരം IMD  വെബ്സൈറ്റിൽ ഒരു ദിവസം നാലു തവണ അലർട്ടുകൾ മാറും.
രാവിലെ പത്തിനും, ഉച്ചയ്ക്ക് ഒരുമണിക്കും , വൈകിട്ട് അഞ്ചിനും, രാത്രിയും അലർട്ടുകൾ മാറാറുണ്ട്.

താഴെ കൊടുക്കുന്ന വെബ്സൈറ്റിന്റെ ലിങ്കിൽ പ്രവേശിച്ച് District Warning ൽ ക്ലിക്ക് ചെയ്താൽ അലർട്ടുകൾ കാണാം. വിവിധ നിറങ്ങളിലുള്ള അലർട്ട് എന്താണ് സൂചിപ്പിക്കുന്നത് എന്നും അതിൽ വ്യക്തമായി കൊടുത്തിട്ടുണ്ട്. അത് പ്രകാരം കാര്യങ്ങൾ മനസ്സിലാക്കാം. കാലാവസ്ഥ ബുള്ളറ്റിനുകളും മലയാളത്തിലും ഇംഗ്ലീഷിലും ലഭിക്കും. അവയും വായിച്ച് മനസ്സിലാക്കാം.

ആദ്യം അറിയാം, ആശയക്കുഴപ്പം ഒഴിവാക്കാം

മാധ്യമങ്ങളിലും മറ്റും വരുന്ന വിവരങ്ങൾക്ക് മുമ്പേ നിങ്ങൾക്ക് കാര്യങ്ങൾ മനസ്സിലാക്കാനും പ്ലാൻ ചെയ്യാനും സമയം ലഭിക്കും. പലപ്പോഴും ആശയ കുഴപ്പം ഉണ്ടാക്കുന്ന രീതിയിലുള്ള വിവരങ്ങളും മറ്റും പ്രചരിക്കാറുണ്ട്. കാലാവസ്ഥാ വകുപ്പിന് നേരിട്ട് ആശ്രയിക്കുന്നതാണ് ഇത്തരം ഘട്ടങ്ങളിൽ ഏറ്റവും അനുയോജ്യം. ദുരന്തനിവാരണ അതോറിറ്റി ഉൾപ്പെടെയുള്ള ഏജൻസികളും മാധ്യമങ്ങളും കാലാവസ്ഥ വെബ്സൈറ്റുകളും സ്വതന്ത്ര കാലാവസ്ഥാ നിരീക്ഷകരും കൃത്യമായി ഈ വിവരങ്ങൾ പങ്കുവെക്കാറുണ്ട്. ഇത്തരം കൃത്യതയുള്ള സോഴ്സുകൾ മാത്രം ഉപയോഗിക്കാൻ ശ്രമിക്കുക.

തിരുവനന്തപുരം IMD യുടെ website ലിങ്ക് 


English Summary : Understanding Weather Alerts: Clarifying Misconceptions About Red Alerts and School Holidays in Kerala. This article explains how the Indian Meteorological Department (IMD) issues weather warnings in Kerala and addresses common public misconceptions regarding weather alerts and localized safety decisions.

ചൈനയിലെ ചൂടില്‍ കുമ്പളങ്ങക്ക് വന്‍ ഡിമാന്റ്, കാരണം ഒരു പൂച്ച

കടുത്ത ചൂട് നേരിടുന്ന ചൈനയില്‍ ഒരു പൂച്ചയുടെ ചിത്രം വൈറലായതോടെ കുമ്പളത്തിന് വില കൂടി. കുമ്പളങ്ങയുടെ മുകളില്‍ കിടക്കുന്ന പൂച്ചയുടെ ചിത്രമാണ് ഈയിടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. ചൈനീസ് ഡെയ്‌ലിയാണ് ഈ വാര്‍ത്ത ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. കുമ്പളങ്ങയുടെ പ്രകൃതിദത്തമായ എയര്‍ കണ്ടീഷനര്‍ ശേഷിയുള്ളതിനാലാണ് കടുത്ത ചൂടില്‍ പൂച്ച ഇത്തരത്തില്‍ കിടക്കുന്നതെന്നായിരുന്നു പോസ്റ്റിന്റെ കാതല്‍.

ഇത് വൈറലായതോടെ ആളുകള്‍ കുമ്പളങ്ങ വാങ്ങിക്കൂട്ടി. കുമ്പളങ്ങ ജ്യൂസ് ശരീരത്തിന് തണുപ്പു നല്‍കുമെന്നത് ചൈനീസ് പരമ്പരാഗത അറിവാണ്. ചൂടിനെ നേരിടാന്‍ ആളുകള്‍ കുമ്പളങ്ങ ജ്യൂസ് പതിവാക്കി. ഇതിനു പിന്നാലെ പലയിടത്തും പൂച്ചയും നായയും കുമ്പളങ്ങയുടെ മുകളില്‍ കിടക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ നിറയാന്‍ തുടങ്ങി. ഗാങ്‌ഡോങ്ങ് പ്രവിശ്യയിലെ ഫോഷനിലെ കര്‍ഷകന്‍ പറയുന്നത് ഈയിടെ കുമ്പളങ്ങ കൂടുതല്‍ എണ്ണം വിറ്റുപോകുന്നു എന്നും വില കൂടിയെന്നുമാണ്.

കുമ്പളങ്ങയിലെ ജലാംശവും മറ്റു ആരോഗ്യ ഗുണങ്ങളും കാരണം ജ്യൂസ് കുടിക്കുന്നത് തെക്കന്‍ ചൈനിയില്‍ പതിവാണ്. ചൂടിനെ നേരിടാന്‍ ഇവിടത്തുകാര്‍ ജ്യൂസുകളും സൂപ്പുകളുമാണ് ഇപ്പോള്‍ പതിവായി സേവിക്കുന്നത്. ഫോഷന്‍ സ്വദേശിയായ 65 കാരനായ കര്‍ഷന്‍ ഒ യിങ്ക്യൂ പറയുന്നത് തന്റെ കുടുംബം പതിറ്റാണ്ടുകളായി കുമ്പളം കൃഷി ചെയ്യുന്നുണ്ടെങ്കിലും ഈ വേനലിലാണ് ഇത്രയും ഡിമാന്റ് ഉണ്ടായതെന്നാണ്.

ഇയാളുടെ ഒരു ഹെക്ടറിലെ 65 ശതമാനം പ്രദേശത്തും കുമ്പളങ്ങ കൃഷിയാണ്. 90 ദിവസം കൊണ്ടാണ് കുമ്പളങ്ങ വിളവെടുക്കാന്‍ കഴിയുക. മെയ് പകുതിയിലോ ഓഗസ്റ്റ് തുടക്കമോ ആണ് സാധാരണ കുമ്പളങ്ങ വിളവെടുപ്പ് കാലം. 

ദേശീയ  സൂചികാ പദവി (National Geographical Indication) ലഭിച്ച ഒരു ഉല്‍പ്പന്നമാണ് സന്‍ഷൂയി കറുത്ത തൊലിയുള്ള കുമ്പളങ്ങ (Sanshui blackskinned wax gourd). നല്ല മിനുസമുള്ള കറുത്ത തൊലി, ഉറപ്പുള്ള കാമ്പ്, കൂടുതല്‍ കാലം കേടുകൂടാതെ ഇരിക്കാനുള്ള ശേഷി എന്നിവയാണ് ഇതിന്റെ സവിശേഷതകള്‍. സാധാരണയായി ഒരു കുമ്പളങ്ങയ്ക്ക് 15 മുതല്‍ 20 കിലോഗ്രാം വരെ ഭാരമുണ്ടാകാറുണ്ട്. എന്നാല്‍ ഓ (Ou) വിളവെടുത്തതില്‍ ഏറ്റവും വലിയ കുമ്പളങ്ങയ്ക്ക് ഏകദേശം 35 കിലോഗ്രാം ഭാരമുണ്ടായിരുന്നു.

ഈ കുമ്പളങ്ങയുടെ ഉറപ്പുള്ള കാമ്പിന് കാരണം സന്‍ഷൂയിയിലെ മണല്‍ കലര്‍ന്ന ഫലഭൂയിഷ്ഠമായ മണ്ണാണെന്ന് 'ഓ' പറയുന്നു. മഴയും താപനിലയുമാണ് ഇവയുടെ വളര്‍ച്ചയെയും വില്‍പ്പനയെയും നിയന്ത്രിക്കുന്നത്; കനത്ത മഴ വിളവെടുപ്പിനെ ബാധിക്കുമെങ്കിലും, ഉയര്‍ന്ന ചൂട് ഇതിന്റെ ആവശ്യകത വര്‍ദ്ധിപ്പിക്കുന്നു.

കൂടുതല്‍ കാലം കേടുകൂടാതെ ഇരിക്കാനുള്ള കഴിവ് കാരണം കുമ്പളങ്ങ പണ്ടുമുതലേ അടുക്കളകളിലെ ഒരു പ്രധാന വിഭവമാണ്. മുറിക്കാത്ത കുമ്പളങ്ങ ഈര്‍പ്പമില്ലാത്ത, വായുസഞ്ചാരമുള്ള സ്ഥലത്ത് സൂക്ഷിച്ചാല്‍ മാസങ്ങളോളം—ഒരുപക്ഷേ വര്‍ഷാവസാനം വരെ—കേടുകൂടാതെ ഇരിക്കും. എന്നാല്‍ ഒരിക്കല്‍ മുറിച്ചുകഴിഞ്ഞാല്‍, ബാക്കിവരുന്നത് ഫ്രിഡ്ജില്‍ സൂക്ഷിക്കുകയും ഉടന്‍ തന്നെ ഉപയോഗിക്കുകയും വേണം.

ഇന്ന് ഫോഷാന്‍, ഗ്വാങ്ഷൂ തുടങ്ങിയ നഗരങ്ങളിലെ വിപണികളില്‍ സന്‍ഷൂയി കുമ്പളങ്ങ സജീവമാണ്. കോള്‍ഡ് ചെയിന്‍ സംവിധാനം വഴി അമേരിക്ക, സിംഗപ്പൂര്‍ തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്കും ഇവ കയറ്റുമതി ചെയ്യുന്നുണ്ട്.

നാട്ടുകാരെ സംബന്ധിച്ചിടത്തോളം, ഈ കുമ്പളങ്ങ ആസ്വദിക്കാനുള്ള ഏറ്റവും ലളിതമായ വഴി ഇതിന്റെ സൂപ്പ് ഉണ്ടാക്കുക എന്നതാണ്.

'ഞങ്ങള്‍ സാധാരണയായി കുമ്പളങ്ങ സൂപ്പാണ് ഉണ്ടാക്കാറുള്ളത്,' ഓ പറഞ്ഞു. വീട്ടില്‍ അദ്ദേഹം കുമ്പളങ്ങയും പന്നിയിറച്ചിയും ചേര്‍ത്ത് സ്വാഭാവിക മധുരമുള്ള, ലളിതമായ സൂപ്പ് തയ്യാറാക്കുന്നു. ഉണ്ടാക്കുന്ന രീതി വളരെ ലളിതമാണ്: ആദ്യം കുമ്പളങ്ങ വേവിക്കുക, വെള്ളം തിളച്ചുമറിയുമ്പോള്‍ ഇറച്ചി ചേര്‍ത്ത് 10 മിനിറ്റോളം വേവിച്ചെടുക്കുക.

'ഓരോ നേരത്തെയും ഭക്ഷണം അപ്പോള്‍ത്തന്നെ പുതിയതായി ഉണ്ടാക്കുന്നതാണ്. രാത്രി മുഴുവന്‍ വെച്ചാല്‍ ഇതിന്റെ രുചി മാറും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചെറുപ്പം മുതലേ 'ഓ'യുടെ ഭക്ഷണക്രമത്തിലെ ഒരു പ്രധാന വിഭവമാണിത്. മുന്‍പ് അദ്ദേഹത്തിന്റെ കുടുംബം സ്വന്തം ആവശ്യത്തിന് മാത്രമായിരുന്നു കുമ്പളങ്ങ കൃഷി ചെയ്തിരുന്നത്; ചൈനയിലെ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്കും ഉദാരവല്‍ക്കരണത്തിനും ശേഷമാണ് അവര്‍ ഇത് വാണിജ്യാടിസ്ഥാനത്തില്‍ വില്‍ക്കാന്‍ തുടങ്ങിയത്.

ഗ്വാങ്‌ഡോങ് പ്രദേശത്തുടനീളം, ഇത് പന്നിയിറച്ചി വാരിയെല്ലുകളോ ഉണക്കിയ സ്‌കൂളോപ്പുകളോ (dried scallops) ചേര്‍ത്ത് റോസ്റ്റ് ചെയ്യാറുണ്ട്. വേനല്‍ക്കാലത്തെ മറ്റൊരു പരമ്പരാഗത വിഭവം കുമ്പളങ്ങ താറാവിറച്ചിയും ഞവരയും (coix seeds) ചേര്‍ത്ത് ഉണ്ടാക്കുന്നതാണ്.

വിഭവങ്ങളുടെ തനത് മാറ്റ് ചോര്‍ന്നുപോകാതെ, ലളിതവും സമീകൃതവുമായ രുചികള്‍ ഇഷ്ടപ്പെടുന്ന കന്റോണീസ് രീതിക്ക് ഉത്തമ ഉദാഹരണമാണ് ഈ പാചകക്കുറിപ്പുകള്‍.

കാലാവസ്ഥയ്ക്കനുസരിച്ച് ഭക്ഷണം കഴിക്കുന്ന ലിങ്‌നാന്‍ (Lingnan) ശൈലിയെയും ഇത് വ്യക്തമാക്കുന്നു. ചൂട് ഉച്ചസ്ഥായിയിലെത്തുമ്പോഴാണ് കുമ്പളങ്ങ വിപണിയില്‍ എത്തുന്നത്. അല്ലാതെ അപൂര്‍വതയോ ആഡംബരമോ കൊണ്ടല്ല, മറിച്ച് പ്രാദേശിക കാലാവസ്ഥയ്ക്കും ജീവിതരീതിക്കും ഏറ്റവും അനുയോജ്യമായതിനാലാണ് ഇത് ജനപ്രിയമായത്.

എങ്കിലും ഈ കൃഷി മുന്‍പോട്ടു കൊണ്ടുപോകുന്നത് വലിയ വെല്ലുവിളിയാണ്. പുതിയ തലമുറയിലെ യുവാക്കളാരും കൃഷിയിലേക്ക് വരുന്നില്ലെന്നും, നിലവിലുള്ള കര്‍ഷകരില്‍ ഭൂരിഭാഗവും 50 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണെന്നും 'ഓ' പറഞ്ഞു.

ഇന്റര്‍നെറ്റിലെയും സോഷ്യല്‍ മീഡിയയിലെയും പുതിയ ട്രെന്‍ഡുകള്‍ വരുംതലമുറയ്ക്ക് പ്രചോദനമാകുമെന്നും, മണ്ണില്‍ വിളയുന്ന ഈ ഭീമന്മാരുടെ മൂല്യം തിരിച്ചറിയാന്‍ അവരെ സഹായിക്കുമെന്നും പ്രതീക്ഷിക്കാം.

More from Metbeat