
Rescue Turned Tragedy: ബെന്നിയെ രക്ഷിക്കാൻ ജീവൻ നൽകിയ രാജേഷിനായി നാട് പ്രാർഥനയിൽ, തിരച്ചിൽ നാലാം ദിവസത്തിലേക്ക്
ചെറുപുഴ കാര്യങ്കോട് പുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ കുത്തൊഴുക്കിൽപ്പെട്ട റെപ്പല്ലിങ് ഇൻസ്ട്രക്ടറും അഡ്വഞ്ചർ ഡിസാസ്റ്റർ സൊസൈറ്റി അംഗവുമായ രാജേഷ്
ബെന്നിയെ രക്ഷിക്കാൻ ജീവൻ നൽകിയ രാജേഷിനായി നാട് പ്രാർഥനയിൽ, തിരച്ചിൽ നാലാം ദിവസത്തിലേക്ക്
ചെറുപുഴ കാര്യങ്കോട് പുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ കുത്തൊഴുക്കിൽപ്പെട്ട റെപ്പല്ലിങ് ഇൻസ്ട്രക്ടറും അഡ്വഞ്ചർ ഡിസാസ്റ്റർ സൊസൈറ്റി അംഗവുമായ രാജേഷ് (36)നായി നാലാം ദിവസവും വ്യാപക തിരച്ചിൽ തുടരുന്നു. ശനിയാഴ്ച വൈകിട്ട് മുതൽ അഗ്നിരക്ഷാസേന, സ്‌കൂബാ ഡൈവർമാർ, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല. മലവെള്ളപ്പാച്ചിലും വെളിച്ചക്കുറവും തിരച്ചിലിന് വെല്ലുവിളിയായി.
ശനിയാഴ്ച വൈകിട്ട് അഞ്ചോടെയാണ് മീന്തുള്ളി തുരുത്തിൽ കുടുങ്ങിയ ചെറുപുഴ കോലുവള്ളിയിലെ ബെന്നി (61)യെ രക്ഷിക്കാൻ അഗ്നിരക്ഷാസേനാംഗങ്ങളായ ഷിബിൻ, ജിതിൻ എന്നിവർക്കൊപ്പം രാജേഷ് പുഴ നീന്തിക്കടന്ന് തുരുത്തിലെത്തിയത്.
ബെന്നിയുടെ സുരക്ഷ ഉറപ്പാക്കാൻ സ്വന്തം ലൈഫ് ജാക്കറ്റ് ഊരി അദ്ദേഹത്തെ ധരിപ്പിച്ച രാജേഷ്, മടക്കയാത്രയിൽ ഏറ്റവും പിന്നിൽ നിന്ന് സുരക്ഷാവടത്തിൽ പിടിച്ചായിരുന്നു സംഘത്തെ നയിച്ചത്. ഏകദേശം 40 മീറ്റർ വീതിയുള്ള പുഴ കടന്ന് കരയിലേക്ക് എത്താൻ നിമിഷങ്ങൾ മാത്രം ബാക്കിയിരിക്കെ ശക്തമായ ഒഴുക്കിൽ വടത്തിലെ പിടി നഷ്ടപ്പെട്ട രാജേഷ് വെള്ളത്തിൽ ഒഴുകിപ്പോവുകയായിരുന്നു. തണുത്ത വെള്ളത്തിൽ ശരീരം കോച്ചിപ്പിടിച്ചതാകാം പിടിവിടാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.
അവൻ സുരക്ഷിതമായി തിരിച്ചെത്തണം; വിതുമ്പി ബെന്നി
തന്നെ മരണത്തിൽ നിന്ന് രക്ഷിച്ച യുവാവിനെ ഇപ്പോഴും കണ്ടെത്താനാകാത്തതിന്റെ വേദനയിലാണ് ബെന്നി. “രാജേഷും സംഘവും എത്തിയില്ലായിരുന്നെങ്കിൽ ഞാൻ ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നില്ല. എനിക്ക് എന്ത് സംഭവിച്ചാലും പ്രശ്നമില്ല, എന്നെ രക്ഷിച്ച ആ ചെറുപ്പക്കാരൻ സുരക്ഷിതനായി തിരിച്ചെത്തണം” – കണ്ണീരോടെ ബെന്നി പറഞ്ഞു.
തെങ്ങിൽ പിടിച്ചുനിന്ന് ജീവൻ കാത്ത മണിക്കൂറുകൾ
ശനിയാഴ്ച രാവിലെ കർണാടക വനമേഖലയിലെ ഉരുൾപൊട്ടലിനെ തുടർന്ന് മീന്തുള്ളി നോർത്തിലെ കൃഷിയിടത്തിലെത്തിയ ബെന്നി, കാപ്പിത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് പുഴയിൽ വെള്ളം ഉയരാൻ തുടങ്ങിയത്. മടങ്ങാൻ ശ്രമിച്ചെങ്കിലും ശക്തമായ ഒഴുക്കിൽ ഫോൺ, ചെരിപ്പ് എന്നിവ നഷ്ടമായി. ഒടുവിൽ കഴുത്തറ്റം വെള്ളമെത്തിയപ്പോൾ സമീപത്തെ തെങ്ങിൽ പിടിച്ചുനിന്നാണ് ജീവൻ രക്ഷിച്ചത്. ഈ സമയത്താണ് രാജേഷും സംഘവും എത്തി അതിസാഹസികമായി രക്ഷാപ്രവർത്തനം നടത്തിയത്.
തിരുവനന്തപുരം കല്ലിയൂർ സ്വദേശിയായ രാജേഷ് റോപ് ക്ലൈംബിങ്ങിലും നീന്തലിലും വിദഗ്ധനാണ്. വയനാട് ദുരന്തമുഖത്തും 2018-ലെ കേരള പ്രളയകാലത്തും നിരവധി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. ത്രോബോൾ ദേശീയ ടീം അംഗം കൂടിയായ രാജേഷ് സുരക്ഷിതനായി മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലാണ് സുഹൃത്തുക്കളും ബന്ധുക്കളും.
രാജേഷിനെ കാണാതായ വിവരം അറിഞ്ഞതോടെ സുഹൃത്തുക്കൾ ശനിയാഴ്ച രാത്രി തന്നെ കണ്ണൂരിലെത്തി തിരച്ചിലിൽ പങ്കാളികളായി. രണ്ടുവർഷം മുമ്പ് ഇളയ സഹോദരൻ രഞ്ജിത്തിനെ അപകടത്തിൽ നഷ്ടപ്പെട്ട കുടുംബം വീണ്ടും ആശങ്കയിലാണ്. ഭാര്യ ഷാഫിയയും മക്കളായ ആർഷൻ, അഭിഷേക് എന്നിവരും രാജേഷ് സുരക്ഷിതനായി തിരിച്ചെത്തണമെന്ന പ്രാർഥനയോടെ കാത്തിരിക്കുകയാണ്.
English Summary : A massive search operation has entered its fourth consecutive day for Rajesh (36), a skilled rappelling instructor and member of the Adventure Disaster Society, who went missing during a daring rescue mission in the overflowing Karyangode River at Cherupuzha,
കേരളത്തിൽ ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ജാഗ്രത നിർദ്ദേശം
കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഓഗസ്റ്റ് 13, 14 തീയതികളിലാണ് കാറ്റിന് സാധ്യത. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞുവീണും അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
കാറ്റും മഴയും ശക്തമാകുമ്പോൾ മരങ്ങളുടെ ചുവട്ടിൽ നിൽക്കുകയോ വാഹനങ്ങൾ പാർക്ക് ചെയ്യുകയോ ചെയ്യരുത്. വീട്ടുവളപ്പിലെ അപകടകരമായ മരച്ചില്ലകൾ വെട്ടിയൊതുക്കുകയും പൊതുസ്ഥലങ്ങളിലെ അപകടാവസ്ഥയിലുള്ള മരങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുകയും വേണം.
ഉറപ്പില്ലാത്ത പരസ്യബോർഡുകൾ, ഇലക്ട്രിക് പോസ്റ്റുകൾ, കൊടിമരങ്ങൾ തുടങ്ങിയവ കാറ്റിൽ വീഴാൻ സാധ്യതയുള്ളതിനാൽ മുൻകൂട്ടി ബലപ്പെടുത്തുകയോ അഴിച്ചുമാറ്റുകയോ ചെയ്യണം. കാറ്റ് വീശുമ്പോൾ ജനലുകളും വാതിലുകളും അടച്ചിടണം. ജനലുകൾക്കും വാതിലുകൾക്കും സമീപവും വീടിന്റെ ടെറസിലും നിൽക്കുന്നത് ഒഴിവാക്കണം. കാറ്റിൽ വീഴാൻ സാധ്യതയുള്ള കോണികളും മറ്റ് വസ്തുക്കളും സുരക്ഷിതമായി കെട്ടിവയ്ക്കണമെന്നും നിർദേശമുണ്ട്.
ഓലമേഞ്ഞതോ ഷീറ്റ് പാകിയതോ അടച്ചുറപ്പില്ലാത്തതോ ആയ കെട്ടിടങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശമനുസരിച്ച് സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറണം. ആവശ്യമായ സാഹചര്യത്തിൽ ഇവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റാൻ തദ്ദേശ സ്ഥാപനങ്ങളും റവന്യൂ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നടപടി സ്വീകരിക്കണം.
വൈദ്യുതി അപകടങ്ങളിൽ ജാഗ്രത
കാറ്റും മഴയും ശക്തമാകുമ്പോൾ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാൻ സാധ്യത കൂടുതലാണ്. അപകടകരമായ സാഹചര്യം ശ്രദ്ധയിൽപ്പെട്ടാൽ KSEBയുടെ 1912 എന്ന കൺട്രോൾ റൂം നമ്പറിലോ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ 1077 എന്ന നമ്പറിലോ വിവരം അറിയിക്കണം. കാറ്റ് തുടരുന്ന സമയത്ത് അറ്റകുറ്റപ്പണികൾ നടത്തരുതെന്നും പൊതുജനങ്ങൾ നേരിട്ട് വൈദ്യുതി തകരാർ പരിഹരിക്കാൻ ശ്രമിക്കരുതെന്നും അധികൃതർ നിർദേശിച്ചു.
പത്രം, പാൽ വിതരണം തുടങ്ങിയ അതിരാവിലെ ജോലികൾക്ക് പോകുന്നവരും പ്രത്യേക ജാഗ്രത പാലിക്കണം. വഴികളിലെ വെള്ളക്കെട്ടുകളിലും പരിസരങ്ങളിലും വൈദ്യുതി ലൈനുകൾ പൊട്ടിവീണിട്ടില്ലെന്ന് ഉറപ്പാക്കണം. സംശയകരമായ സാഹചര്യം കണ്ടാൽ കൺട്രോൾ റൂമിൽ അറിയിച്ച് അപകടമില്ലെന്ന് ഉറപ്പാക്കിയശേഷം മാത്രം മുന്നോട്ട് പോകണം. കൃഷിയിടങ്ങളിൽ പ്രവേശിക്കുന്നതിന് മുമ്പ് വൈദ്യുതി ലൈനുകൾ സുരക്ഷിതമാണെന്നും ഉറപ്പാക്കണം.
കാറ്റും മഴയും ശക്തമാകുന്ന സാഹചര്യത്തിൽ നിർമാണ ജോലികൾ നിർത്തിവച്ച് തൊഴിലാളികൾ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറണം. പൊതുജനങ്ങൾ മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശങ്ങൾ കർശനമായി പാലിക്കുകയും വേണമെന്ന് അധികൃതർ അറിയിച്ചു.
English Summary : The Central Meteorological Department (IMD) has issued a weather warning predicting isolated strong winds with speeds ranging from 30 to 40 km/h across Kerala on August 13 and 14. Authorities have urged the public to stay vigilant due to potential hazards like uprooted trees, falling branches, and disrupted power lines.





