
മുന്നറിയിപ്പില്ലാതെ ഡാം തുറന്നത് പ്രളയ കാരണം, ദുരന്തനിവാരണത്തിലെ അനാസ്ഥയും ഏകോപനക്കുറവും അംഗീകരിക്കാനാകില്ല : പിണറായി
Opening Dams Without Warning Caused Ranni Floods; Mismanagement and Lack of Coordination Unacceptable: Pinarayi Vijayan
മുന്നറിയിപ്പില്ലാതെ ഡാം തുറന്നത് പ്രളയ കാരണം, ദുരന്തനിവാരണത്തിലെ അനാസ്ഥയും ഏകോപനക്കുറവും അംഗീകരിക്കാനാകില്ല : പിണറായി
റാന്നിയില്‍ കൃത്യമായ മാനദണ്ഡമില്ലാതെ ഡാം തുറന്നതാണ് പ്രളയത്തിന് കാരണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ഇതുമൂലം വ്യാപാരികള്‍ക്ക് കടകളിലെ സാധനങ്ങള്‍ സുരക്ഷിത സ്ഥലത്തേക്ക് മാറ്റാന്‍ പോലും സമയം കിട്ടിയില്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ദുരന്തനിവാരണത്തിലെ അനാസ്ഥയും ഏകോപനക്കുറവും അംഗീകരിക്കാനാകില്ലെന്നും കാണാതായവരെ കണ്ടെത്തുന്നതിന് തെരച്ചില്‍ ശക്തിപ്പെടുത്തണമെന്നും പിണറായി ആവശ്യപ്പെട്ടു.
ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നതില്‍ വീഴ്ചയുണ്ടായെന്ന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ സമ്മതിച്ചിരിക്കുന്നു.
നാട്ടുകാരും രാഷ്ട്രീയ പ്രവര്‍ത്തകരുമാണ് ഭക്ഷണം വിതരണം ചെയ്യുന്നതെന്നും ദുരിതബാധിതര്‍ക്ക് ഭക്ഷണം, വെള്ളം, മരുന്ന്, സുരക്ഷിത താമസം, നഷ്ടപരിഹാരം എന്നിവ കൃത്യമായി ഉറപ്പാക്കണമെന്നും കൂടുതല്‍ ജാഗ്രതയോടെ ഭരണകൂടം പ്രവര്‍ത്തിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം...
കേരളം വീണ്ടും പ്രളയക്കെടുതിയെ നേരിടുകയാണ്. സംസ്ഥാനത്തൊട്ടാകെ 209 ക്യാമ്പുകളിലായി 5792 അന്തേവാസികള്‍ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. 8 പേര്‍ മരണപ്പെടുകയും 8 പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട് എന്നത് വേദനാജനകമാണ്. കാണാതായവരെ കണ്ടെത്തുന്നതിനായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. മരണപ്പെട്ടവരുടെയും കാണാതായവരുടെയും ഉറ്റവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നു.
ദുരന്തനിവാരണത്തിലെ അനാസ്ഥയും ഏകോപനക്കുറവും മൂലം ജനങ്ങളുടെ ദുരിതം വര്‍ധിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. റാന്നിയില്‍ കൃത്യമായ മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവിട്ടെന്ന ഗുരുതരമായ ആരോപണമാണ് ഉയരുന്നത്. വ്യാപാരികള്‍ക്ക് കടകളിലെ സാധനങ്ങള്‍ സുരക്ഷിതമാക്കാന്‍ പോലും സമയം ലഭിച്ചില്ല. അതിന്റെ പേരില്‍ അവര്‍ തെരുവിലിറങ്ങി പ്രതിഷേധിക്കേണ്ടി വന്നിരിക്കുന്നു.
ദുരിതാശ്വാസ ക്യാമ്പുകളിലെ അനാസ്ഥയും ആശങ്കപ്പെടുത്തുന്നതാണ്. ഭക്ഷണവിതരണത്തില്‍ വീഴ്ചയുണ്ടായെന്ന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ തന്നെ സമ്മതിച്ചിരിക്കുന്നു. ഉദ്യോഗസ്ഥരുടെ ഏകോപനക്കുറവ് കാരണം സന്നദ്ധ പ്രവര്‍ത്തകരും നാട്ടുകാരും രാഷ്ട്രീയ പ്രവര്‍ത്തകരും ചേര്‍ന്നാണ് ഭക്ഷണം തയ്യാറാക്കി വിതരണം ചെയ്യേണ്ടി വന്നത്. സംസ്ഥാനത്തുടനീളം നൂറുകണക്കിന് ദുരിതാശ്വാസ ക്യാമ്പുകളില്‍ ആയിരക്കണക്കിന് മനുഷ്യരാണ് കഴിയുന്നത്. ഈ സാഹചര്യത്തില്‍ ഭരണസംവിധാനം കൂടുതല്‍ ജാഗ്രതയോടെയും കാര്യക്ഷമതയോടെയും പ്രവര്‍ത്തിക്കേണ്ടതാണ്.
ദുരന്തബാധിതര്‍ക്ക് ഭക്ഷണം, കുടിവെള്ളം, മരുന്ന്, സുരക്ഷിത താമസം, നഷ്ടപരിഹാരം എന്നിവ കൃത്യമായി ഉറപ്പാക്കണം. അതോടൊപ്പം, ഉണ്ടായ വീഴ്ചകള്‍ പരിശോധിച്ച് ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികളും സര്‍ക്കാര്‍ സ്വീകരിക്കണം. ഈ പ്രതിസന്ധിയെ അതിജീവിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും തദ്ദേശ സ്ഥാപനങ്ങളും സന്നദ്ധ പ്രവര്‍ത്തകരും പൊതുസമൂഹവും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
English Summary : Opening Dams Without Warning Caused Ranni Floods; Mismanagement and Lack of Coordination Unacceptable: Pinarayi Vijayan. Leader of the Opposition Pinarayi Vijayan criticized the state government's response to the ongoing flood crisis, attributing severe flooding in Ranni to the opening of dam gates without proper warning or guidelines
Kerala Weather 14/08/26 : തീവ്ര ന്യൂനമർദ്ദം; ഇന്നും നാളെയും കൂടുതൽ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴ സാധ്യത
തീരദേശ ബംഗാളിന് മുകളിൽ സ്ഥിതി ചെയ്യുന്ന തീവ്ര ന്യൂനമർദ്ദം (Deep Depression) ൻ്റെ സ്വാധീനം മൂലം കേരളത്തിൽ ഇന്നും നാളെയും കൂടുതൽ പ്രദേശങ്ങളിൽ മഴ സാധ്യത. മധ്യ ജില്ലകളിലും കിഴക്കൻ മേഖലകളിലും ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കും. എല്ലാ ജില്ലകളിലും ഏതാനും പ്രദേശങ്ങളിൽ ശക്തമായ മഴ സാധ്യത നിലനിൽക്കുന്നുവെന്ന് Metbeat Weather പറയുന്നു.
പടിഞ്ഞാറൻ കാറ്റിന് ശക്തി കൂടിയതിനാൽ അറബിക്കടലിൽ രൂപം കൊള്ളുന്ന മേഘങ്ങൾ കേരളത്തിൽ എത്തി പെയ്യാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ ചില പ്രദേശങ്ങളിൽ ഏറെ നേരം നീണ്ടുനിൽക്കില്ലെങ്കിലും കനത്ത മഴ ലഭിച്ചേക്കും . മഴയുടെ ശക്തിയും വെള്ളത്തിൻ്റെ അളവും കൂടുതലായിരിക്കും എങ്കിലും മഴ ദീർഘനേരം തുടരാനുള്ള സാധ്യത കുറവാണ് .
മിക്ക മഴയും അരമുതൽ ഒരു മണിക്കൂറിനുള്ളിൽ പെയ്തു തീരും. ഇടവേളകൾ ലഭിക്കുകയും ചെയ്യും.
വടക്കൻ ജില്ലകളിലും മധ്യകേരളത്തിലും തെക്കൻ ജില്ലകളിലും ഒരുപോലെ മഴ സാധ്യതയുണ്ട് ഈ വരുന്ന രണ്ടുദിവസം . ഞായറാഴ്ചക്ക് ശേഷം മഴയുടെ ശക്തിയിൽ കുറവുണ്ടാകും.
കണ്ണൂർ ജില്ലയുടെ കിഴക്കൻ മേഖല , കോഴിക്കോട് ജില്ലയുടെ ഇടനാട് പ്രദേശങ്ങൾ, മലപ്പുറം ജില്ലയുടെ കിഴക്കൻ പ്രദേശങ്ങൾ, എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലകൾ, ഇടുക്കി, പത്തനംതിട്ട , കോട്ടയം ജില്ലകൾ എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കാൻ സാധ്യത.
കേരളത്തിൽ ഇന്നും നാളെയും ശക്തമായ കാറ്റുകൾ സാധ്യതയുണ്ട്. പത്തനംതിട്ട , ആലപ്പുഴ , കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ കേന്ദ്ര കലാവസ്ഥ വകുപ്പ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.





