
Kerala Wind Warning: കേരളത്തിൽ ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ജാഗ്രത നിർദ്ദേശം
കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
കേരളത്തിൽ ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ജാഗ്രത നിർദ്ദേശം
കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഓഗസ്റ്റ് 13, 14 തീയതികളിലാണ് കാറ്റിന് സാധ്യത. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞുവീണും അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
കാറ്റും മഴയും ശക്തമാകുമ്പോൾ മരങ്ങളുടെ ചുവട്ടിൽ നിൽക്കുകയോ വാഹനങ്ങൾ പാർക്ക് ചെയ്യുകയോ ചെയ്യരുത്. വീട്ടുവളപ്പിലെ അപകടകരമായ മരച്ചില്ലകൾ വെട്ടിയൊതുക്കുകയും പൊതുസ്ഥലങ്ങളിലെ അപകടാവസ്ഥയിലുള്ള മരങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുകയും വേണം.
ഉറപ്പില്ലാത്ത പരസ്യബോർഡുകൾ, ഇലക്ട്രിക് പോസ്റ്റുകൾ, കൊടിമരങ്ങൾ തുടങ്ങിയവ കാറ്റിൽ വീഴാൻ സാധ്യതയുള്ളതിനാൽ മുൻകൂട്ടി ബലപ്പെടുത്തുകയോ അഴിച്ചുമാറ്റുകയോ ചെയ്യണം. കാറ്റ് വീശുമ്പോൾ ജനലുകളും വാതിലുകളും അടച്ചിടണം. ജനലുകൾക്കും വാതിലുകൾക്കും സമീപവും വീടിന്റെ ടെറസിലും നിൽക്കുന്നത് ഒഴിവാക്കണം. കാറ്റിൽ വീഴാൻ സാധ്യതയുള്ള കോണികളും മറ്റ് വസ്തുക്കളും സുരക്ഷിതമായി കെട്ടിവയ്ക്കണമെന്നും നിർദേശമുണ്ട്.
ഓലമേഞ്ഞതോ ഷീറ്റ് പാകിയതോ അടച്ചുറപ്പില്ലാത്തതോ ആയ കെട്ടിടങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശമനുസരിച്ച് സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറണം. ആവശ്യമായ സാഹചര്യത്തിൽ ഇവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റാൻ തദ്ദേശ സ്ഥാപനങ്ങളും റവന്യൂ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നടപടി സ്വീകരിക്കണം.
വൈദ്യുതി അപകടങ്ങളിൽ ജാഗ്രത
കാറ്റും മഴയും ശക്തമാകുമ്പോൾ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാൻ സാധ്യത കൂടുതലാണ്. അപകടകരമായ സാഹചര്യം ശ്രദ്ധയിൽപ്പെട്ടാൽ KSEBയുടെ 1912 എന്ന കൺട്രോൾ റൂം നമ്പറിലോ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ 1077 എന്ന നമ്പറിലോ വിവരം അറിയിക്കണം. കാറ്റ് തുടരുന്ന സമയത്ത് അറ്റകുറ്റപ്പണികൾ നടത്തരുതെന്നും പൊതുജനങ്ങൾ നേരിട്ട് വൈദ്യുതി തകരാർ പരിഹരിക്കാൻ ശ്രമിക്കരുതെന്നും അധികൃതർ നിർദേശിച്ചു.
പത്രം, പാൽ വിതരണം തുടങ്ങിയ അതിരാവിലെ ജോലികൾക്ക് പോകുന്നവരും പ്രത്യേക ജാഗ്രത പാലിക്കണം. വഴികളിലെ വെള്ളക്കെട്ടുകളിലും പരിസരങ്ങളിലും വൈദ്യുതി ലൈനുകൾ പൊട്ടിവീണിട്ടില്ലെന്ന് ഉറപ്പാക്കണം. സംശയകരമായ സാഹചര്യം കണ്ടാൽ കൺട്രോൾ റൂമിൽ അറിയിച്ച് അപകടമില്ലെന്ന് ഉറപ്പാക്കിയശേഷം മാത്രം മുന്നോട്ട് പോകണം. കൃഷിയിടങ്ങളിൽ പ്രവേശിക്കുന്നതിന് മുമ്പ് വൈദ്യുതി ലൈനുകൾ സുരക്ഷിതമാണെന്നും ഉറപ്പാക്കണം.
കാറ്റും മഴയും ശക്തമാകുന്ന സാഹചര്യത്തിൽ നിർമാണ ജോലികൾ നിർത്തിവച്ച് തൊഴിലാളികൾ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറണം. പൊതുജനങ്ങൾ മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശങ്ങൾ കർശനമായി പാലിക്കുകയും വേണമെന്ന് അധികൃതർ അറിയിച്ചു.
English Summary : The Central Meteorological Department (IMD) has issued a weather warning predicting isolated strong winds with speeds ranging from 30 to 40 km/h across Kerala on August 13 and 14. Authorities have urged the public to stay vigilant due to potential hazards like uprooted trees, falling branches, and disrupted power lines.
കള്ളക്കടൽ ജാഗ്രതാ നിർദേശം; നാല് ജില്ലകളിലെ തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്ക് സാധ്യത
തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കാസർകോട് ജില്ലകളിലെ തീരങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കടലാക്രമണത്തിന് സാധ്യതയെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS). സെപ്റ്റംബർ 14 രാത്രി 11.30 വരെ 0.9 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്നാണ് പുതുക്കിയ മുന്നറിയിപ്പ്.
തിരുവനന്തപുരം ജില്ലയിലെ കാപ്പിൽ മുതൽ പൊഴിയൂർ വരെയും കൊല്ലം ജില്ലയിലെ ആലപ്പാട് മുതൽ ഇടവ വരെയും കണ്ണൂർ ജില്ലയിലെ വളപട്ടണം മുതൽ ന്യൂ മാഹി വരെയും കാസർകോട് ജില്ലയിലെ കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെയുമുള്ള തീരപ്രദേശങ്ങളിലാണ് ജാഗ്രതാ നിർദേശം.
അതേസമയം, കന്യാകുമാരി തീരത്ത് സെപ്റ്റംബർ 14 രാത്രി 11.30 വരെ 1.5 മുതൽ 1.7 മീറ്റർ വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്നും INCOIS അറിയിച്ചു. കടലാക്രമണ സാധ്യത കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
നിർദേശങ്ങൾ പാലിക്കുക
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ള മേഖലകളിൽ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിൽ ഇറക്കുന്നത് ഒഴിവാക്കണം. തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ മത്സ്യബന്ധന യാനങ്ങൾ കടലിലേക്ക് ഇറക്കുന്നതും കരയ്ക്കടുപ്പിക്കുന്നതും ഒരുപോലെ അപകടകരമായതിനാൽ ഇവ രണ്ടും ഒഴിവാക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു.
INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരവും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണം. മത്സ്യബന്ധന യാനങ്ങൾ ഹാർബറുകളിൽ സുരക്ഷിതമായി കെട്ടിയിടുകയും വള്ളങ്ങൾ തമ്മിൽ മതിയായ അകലം ഉറപ്പാക്കുകയും വേണം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷയും ഉറപ്പാക്കണം.
English Summary : The Indian National Centre for Ocean Information Services (INCOIS) has issued a high-swell ('Kallakkadal') warning for four coastal districts in Kerala—Thiruvananthapuram, Kollam, Kannur, and Kasaragod—predicting waves between 0.9 and 1.3 meters high.