Newsroom
Global Warming: എൽ നിനോ വർഷത്തിൽ തീവ്ര മഴ എന്തുകൊണ്ട്? Metbeat News-നോട് ഡോ. എസ്. അഭിലാഷ് വിശദീകരിക്കുന്നു
Metbeat News

Global Warming: എൽ നിനോ വർഷത്തിൽ തീവ്ര മഴ എന്തുകൊണ്ട്? Metbeat News-നോട് ഡോ. എസ്. അഭിലാഷ് വിശദീകരിക്കുന്നു

ഇന്ത്യയിൽ കേരളമടക്കം പല സംസ്ഥാനങ്ങളിലും പ്രളയക്കെടുതിയാണ്. മുഖ്യകാരണം എൽ നിനോ തന്നെയാണ്.

എൽ നിനോ വർഷത്തിൽ തീവ്ര മഴ എന്തുകൊണ്ട്?  Metbeat News-നോട് ഡോ. എസ്. അഭിലാഷ് വിശദീകരിക്കുന്നു

ഇന്ത്യയിൽ കേരളമടക്കം പല സംസ്ഥാനങ്ങളിലും  പ്രളയക്കെടുതിയാണ്. മുഖ്യകാരണം എൽ നിനോ തന്നെയാണ്. എൽ നിനോ കാരണം ഉഷ്‌ണവും അതുപോലെ തന്നെ കനത്ത മഴയും മാറി മാറി ഓരോ സംസ്ഥാനത്തും വന്നു പോകുന്നു. എന്നാൽ എന്തുകൊണ്ട് എൽ നിനോ കാലത്തും തീവ്ര മഴ ലഭിക്കുന്നു എന്നതിനെ കുറിച്ച് ചില കാര്യങ്ങൾ  Metbeat News മായി പങ്കുവെക്കുകയാണ് കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാല (CUSAT) അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്മോസ്ഫിറിക് റെഡാർ ഡയറക്ടർ ഡോ. എസ്. അഭിലാഷ്. അദ്ദേഹം പറയുന്നത് ഇങ്ങനെ, എൽ നിനിനോ വർഷങ്ങളിൽ ഇന്ത്യയിൽ ആകെ കാലവർഷമഴ സാധാരണയായി കുറയുമെന്നത് സത്യമാണ്. എന്നാൽ അതുകൊണ്ട് എല്ലാ പ്രദേശങ്ങളിലും മഴ കുറയുമെന്നും അതിതീവ്ര മഴ ഉണ്ടാകില്ലെന്നും അർഥമില്ല. സമീപകാലത്ത് ഗുജറാത്ത്, അസം, അരുണാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ എൽ നിനോയുടെ പശ്ചാത്തലത്തിലും അതിശക്തമായ മഴയും വെള്ളപ്പൊക്കവും അനുഭവപ്പെട്ടത് ഇതിനുള്ള ഉദാഹരണമാണ്.  

ഇതിന് പ്രധാന കാരണം ആഗോളതാപനവും പ്രാദേശിക കാലാവസ്ഥാ സംവിധാനങ്ങളുമാണ്. എൽ നിനോ വലിയ തോതിലുള്ള മൺസൂൺ വായു ചംക്രമണത്തെ ദുർബലമാക്കുമെങ്കിലും, ചൂടുപിടിച്ച സമുദ്രങ്ങൾ അന്തരീക്ഷത്തിലേക്ക് കൂടുതൽ ജലബാഷ്പം നൽകുന്നു. അനുയോജ്യമായ സാഹചര്യങ്ങളിൽ ഈ ജലബാഷ്പം ശക്തമായ സംവഹന (Convective) മഴമേഘങ്ങളായി രൂപപ്പെട്ട് ചെറിയ പ്രദേശങ്ങളിൽ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ അതിതീവ്ര മഴ പെയ്യിക്കുന്നു. അതിനാൽ അഖിലേന്ത്യാ തലത്തിൽ മഴ കുറവായാലും, ചില പ്രദേശങ്ങളിൽ റെക്കോർഡ് മഴ ലഭിക്കാം.

എൽ നിനോ മാത്രം നോക്കി മഴയെ വിലയിരുത്താൻ പറ്റില്ല

ഇത് നമ്മെ പഠിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പാഠം ഇതാണ്: ഇന്നത്തെ കാലാവസ്ഥയിൽ എൽ നിനോ മാത്രം നോക്കി മഴയെ വിലയിരുത്താൻ കഴിയില്ല. ആഗോളതാപനം, സമുദ്രങ്ങളുടെ ചൂട്, അന്തരീക്ഷത്തിലെ ജലബാഷ്പം, ന്യൂനമർദ്ദങ്ങൾ, പ്രാദേശിക ഭൂപ്രകൃതി, കാലാവസ്ഥാ വ്യവസ്ഥകളുടെ പരസ്പര ഇടപെടൽ എന്നിവയെല്ലാം ചേർന്നാണ് മഴയുടെ തീവ്രത നിർണയിക്കുന്നത്. അതിനാൽ "മൺസൂൺ ദുർബലമാണ്" എന്നത് "ദുരന്തസാധ്യത കുറവാണ്" എന്നതിന് തുല്യമല്ല. മറിച്ച്, കുറഞ്ഞ മഴയുള്ള ഒരു മൺസൂൺ കാലത്തുപോലും ഏതാനും മണിക്കൂറുകൾക്കുള്ളിൽ അതിതീവ്ര മഴയും ഗുരുതരമായ വെള്ളപ്പൊക്കവും ഉണ്ടാകാൻ സാധ്യതയുള്ളതാണ് പുതിയ കാലാവസ്ഥാ യാഥാർഥ്യം.

എൽ നിനോ വർഷങ്ങളിൽ ഇന്ത്യയിൽ ആകെ മൺസൂൺ മഴ കുറയുമെങ്കിലും, അതുകൊണ്ട് അതിതീവ്ര മഴയ്ക്കുള്ള സാധ്യത ഇല്ലാതാകുന്നില്ല. ആഗോളതാപനം, സമുദ്രോപരിതല താപനിലയിലെ വർധന, അന്തരീക്ഷത്തിലെ ഉയർന്ന ജലബാഷ്പം, ന്യൂനമർദ്ദങ്ങൾ, പ്രാദേശിക ഭൂപ്രകൃതി എന്നിവ ഒരുമിക്കുമ്പോൾ മണിക്കൂറുകൾക്കുള്ളിൽ തന്നെ അതിശക്തമായ മഴയും വെള്ളപ്പൊക്കവും രൂപപ്പെടാം. അതിനാൽ എൽ നിനോയെ മാത്രം അടിസ്ഥാനമാക്കി മഴയെയോ ദുരന്തസാധ്യതയെയോ വിലയിരുത്താനാകില്ല. മാറുന്ന കാലാവസ്ഥയിൽ അതിതീവ്ര മഴ പുതിയ യാഥാർഥ്യമായി മാറുകയാണെന്നും അതിനനുസരിച്ചുള്ള ജാഗ്രതയും ദുരന്തസന്നദ്ധതയും അനിവാര്യമാണെന്നും ഡോ. എസ്. അഭിലാഷ് ചൂണ്ടിക്കാട്ടുന്നു. 

English Summary : Dr. S. Abhilash, in an interview with Metbeat News, breaks down why parts of India—including Kerala, Gujarat, Assam, and Arunachal Pradesh—face severe extreme rainfall and flooding even during an El Niño year.

കേരളത്തിൽ ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ജാഗ്രത നിർദ്ദേശം

കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഓഗസ്റ്റ് 13, 14 തീയതികളിലാണ് കാറ്റിന് സാധ്യത. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞുവീണും അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. 

കാറ്റും മഴയും ശക്തമാകുമ്പോൾ മരങ്ങളുടെ ചുവട്ടിൽ നിൽക്കുകയോ വാഹനങ്ങൾ പാർക്ക് ചെയ്യുകയോ ചെയ്യരുത്. വീട്ടുവളപ്പിലെ അപകടകരമായ മരച്ചില്ലകൾ വെട്ടിയൊതുക്കുകയും പൊതുസ്ഥലങ്ങളിലെ അപകടാവസ്ഥയിലുള്ള മരങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുകയും വേണം.

ഉറപ്പില്ലാത്ത പരസ്യബോർഡുകൾ, ഇലക്ട്രിക് പോസ്റ്റുകൾ, കൊടിമരങ്ങൾ തുടങ്ങിയവ കാറ്റിൽ വീഴാൻ സാധ്യതയുള്ളതിനാൽ മുൻകൂട്ടി ബലപ്പെടുത്തുകയോ അഴിച്ചുമാറ്റുകയോ ചെയ്യണം. കാറ്റ് വീശുമ്പോൾ ജനലുകളും വാതിലുകളും അടച്ചിടണം. ജനലുകൾക്കും വാതിലുകൾക്കും സമീപവും വീടിന്റെ ടെറസിലും നിൽക്കുന്നത് ഒഴിവാക്കണം. കാറ്റിൽ വീഴാൻ സാധ്യതയുള്ള കോണികളും മറ്റ് വസ്തുക്കളും സുരക്ഷിതമായി കെട്ടിവയ്ക്കണമെന്നും നിർദേശമുണ്ട്.

ഓലമേഞ്ഞതോ ഷീറ്റ് പാകിയതോ അടച്ചുറപ്പില്ലാത്തതോ ആയ കെട്ടിടങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശമനുസരിച്ച് സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറണം. ആവശ്യമായ സാഹചര്യത്തിൽ ഇവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റാൻ തദ്ദേശ സ്ഥാപനങ്ങളും റവന്യൂ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നടപടി സ്വീകരിക്കണം. 

വൈദ്യുതി അപകടങ്ങളിൽ ജാഗ്രത

കാറ്റും മഴയും ശക്തമാകുമ്പോൾ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാൻ സാധ്യത കൂടുതലാണ്. അപകടകരമായ സാഹചര്യം ശ്രദ്ധയിൽപ്പെട്ടാൽ KSEBയുടെ 1912 എന്ന കൺട്രോൾ റൂം നമ്പറിലോ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ 1077 എന്ന നമ്പറിലോ വിവരം അറിയിക്കണം. കാറ്റ് തുടരുന്ന സമയത്ത് അറ്റകുറ്റപ്പണികൾ നടത്തരുതെന്നും പൊതുജനങ്ങൾ നേരിട്ട് വൈദ്യുതി തകരാർ പരിഹരിക്കാൻ ശ്രമിക്കരുതെന്നും അധികൃതർ നിർദേശിച്ചു.

പത്രം, പാൽ വിതരണം തുടങ്ങിയ അതിരാവിലെ ജോലികൾക്ക് പോകുന്നവരും പ്രത്യേക ജാഗ്രത പാലിക്കണം. വഴികളിലെ വെള്ളക്കെട്ടുകളിലും പരിസരങ്ങളിലും വൈദ്യുതി ലൈനുകൾ പൊട്ടിവീണിട്ടില്ലെന്ന് ഉറപ്പാക്കണം. സംശയകരമായ സാഹചര്യം കണ്ടാൽ കൺട്രോൾ റൂമിൽ അറിയിച്ച് അപകടമില്ലെന്ന് ഉറപ്പാക്കിയശേഷം മാത്രം മുന്നോട്ട് പോകണം. കൃഷിയിടങ്ങളിൽ പ്രവേശിക്കുന്നതിന് മുമ്പ് വൈദ്യുതി ലൈനുകൾ സുരക്ഷിതമാണെന്നും ഉറപ്പാക്കണം.

കാറ്റും മഴയും ശക്തമാകുന്ന സാഹചര്യത്തിൽ നിർമാണ ജോലികൾ നിർത്തിവച്ച് തൊഴിലാളികൾ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറണം. പൊതുജനങ്ങൾ മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശങ്ങൾ കർശനമായി പാലിക്കുകയും വേണമെന്ന് അധികൃതർ അറിയിച്ചു. 

English Summary : The Central Meteorological Department (IMD) has issued a weather warning predicting isolated strong winds with speeds ranging from 30 to 40 km/h across Kerala on August 13 and 14. Authorities have urged the public to stay vigilant due to potential hazards like uprooted trees, falling branches, and disrupted power lines.

More from Metbeat