
New-imd-s-band-radar-in-kollam : കാലാവസ്ഥാ നിരീക്ഷണം ശക്തമാക്കാൻ കേരളത്തിൽ പുതിയ റഡാർ; കൊല്ലത്ത് സ്ഥലം കണ്ടെത്തി
സംസ്ഥാനത്തെ കാലാവസ്ഥാ നിരീക്ഷണം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) പുതിയ നിരീക്ഷണ റഡാർ സ്ഥാപിക്കുന്നു.
കാലാവസ്ഥാ നിരീക്ഷണം ശക്തമാക്കാൻ കേരളത്തിൽ പുതിയ റഡാർ; കൊല്ലത്ത് സ്ഥലം കണ്ടെത്തി
സംസ്ഥാനത്തെ കാലാവസ്ഥാ നിരീക്ഷണം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) പുതിയ നിരീക്ഷണ റഡാർ സ്ഥാപിക്കുന്നു. കൊല്ലം നീണ്ടകരയിലാണ് റഡാർ സ്ഥാപിക്കാൻ സ്ഥലം കണ്ടെത്തിയത്. ഐ.എം.ഡി.യുടെ ആവശ്യപ്രകാരം സംസ്ഥാന റവന്യൂ വകുപ്പാണ് സ്ഥലം നിർണയിച്ചത്. സ്ഥലപരിശോധന പൂർത്തിയായി. മണ്ണുപരിശോധന കൂടി പൂർത്തിയാക്കിയ ശേഷം റഡാർ സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കും.
കടലിലെ തീവ്രമഴയും ചുഴലിക്കാറ്റും നിരീക്ഷിക്കും
കടലിൽ രൂപപ്പെടുന്ന തീവ്രമഴ, ചുഴലിക്കാറ്റ് (Cyclone) തുടങ്ങിയ കാലാവസ്ഥാ പ്രതിഭാസങ്ങൾ കൂടുതൽ കൃത്യമായി നിരീക്ഷിക്കാൻ കഴിയുന്ന എസ്-ബാൻഡ് റഡാർ (S-Band Radar) ആണ് നീണ്ടകരയിൽ സ്ഥാപിക്കുന്നത്. റഡാർ പ്രവർത്തനസജ്ജമാകുന്നതോടെ അറബിക്കടൽ കേന്ദ്രീകരിച്ചുള്ള കാലാവസ്ഥാ നിരീക്ഷണവും പ്രവചനവും കൂടുതൽ കൃത്യമാകുമെന്നാണ് പ്രതീക്ഷ.
കൊല്ലത്ത് സ്ഥാപിക്കുന്ന റഡാറിന് ഏകദേശം 250 കിലോമീറ്റർ ചുറ്റളവിൽ കാലാവസ്ഥാ നിരീക്ഷണം നടത്താൻ കഴിയും. പ്രത്യേകിച്ച് തീരപ്രദേശങ്ങളിലെ മഴ, കാറ്റ്, കടൽക്ഷോഭം തുടങ്ങിയവ സംബന്ധിച്ച മുന്നറിയിപ്പുകൾ കൂടുതൽ കൃത്യമായി നൽകാൻ ഇതിലൂടെ സാധിക്കും.
കൊച്ചിക്ക് പിന്നാലെ കൊല്ലത്തും റഡാർ
നിലവിൽ കേരളത്തിൽ ഐ.എം.ഡി.യുടെ ഏറ്റവും വലിയ റഡാർ സംവിധാനം കൊച്ചിയിലാണ്. തിരുവനന്തപുരത്ത് ഐ.എസ്.ആർ.ഒ.യുടെ റഡാർ സംവിധാനത്തിൽ നിന്നുള്ള വിവരങ്ങളും കാലാവസ്ഥാ നിരീക്ഷണത്തിനായി ഉപയോഗിക്കുന്നുണ്ട്. ഇതിന് പുറമേ വയനാട്ടിൽ ചെറിയ റഡാറും പ്രവർത്തിക്കുന്നുണ്ട്.
കേരളത്തിലെ മൺസൂൺ മഴയും ചുഴലിക്കാറ്റുകളുമടക്കമുള്ള പ്രധാന കാലാവസ്ഥാ പ്രതിഭാസങ്ങൾ അറബിക്കടലുമായി ബന്ധപ്പെട്ടതിനാൽ തീരപ്രദേശങ്ങളിലെ നിരീക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനാണ് പുതിയ റഡാറിന് പ്രാധാന്യം നൽകുന്നത്.
മത്സ്യത്തൊഴിലാളികൾക്കും കൂടുതൽ കൃത്യമായ മുന്നറിയിപ്പ്
പുതിയ റഡാർ പ്രവർത്തനസജ്ജമാകുന്നതോടെ കടലിലെ കാലാവസ്ഥാ വ്യതിയാനങ്ങൾ കൂടുതൽ നേരത്തെ കണ്ടെത്താൻ സാധിക്കും. ഇതുവഴി മത്സ്യത്തൊഴിലാളികൾക്ക് (Fishermen) ശക്തമായ കാറ്റ്, തീവ്രമഴ, ചുഴലിക്കാറ്റ് തുടങ്ങിയ അപകടസാധ്യതകളെക്കുറിച്ച് കൂടുതൽ കൃത്യമായ മുന്നറിയിപ്പുകൾ നൽകാനും കഴിയും.
റഡാർ റേഞ്ച് ഓവർലാപ്പിങ് സംവിധാനം
രാജ്യത്തെ മുഴുവൻ പ്രദേശങ്ങളും റഡാർ നിരീക്ഷണത്തിന്റെ പരിധിയിൽ കൊണ്ടുവരണമെന്നാണ് കേന്ദ്ര സർക്കാരിന്റെ നിർദേശം. ഇതിന്റെ ഭാഗമായി ഒരു റഡാറിന്റെ നിരീക്ഷണപരിധി (Radar Range) മറ്റൊരു റഡാറിന്റെ പരിധിയുമായി ഭാഗികമായി ഓവർലാപ്പ് ചെയ്യുന്ന രീതിയിലാണ് പുതിയ സംവിധാനങ്ങൾ സ്ഥാപിക്കുന്നത്.
തിരുവനന്തപുരം-കൊച്ചി റഡാർ പരിധികൾക്കിടയിലെ നിരീക്ഷണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കൊല്ലത്ത് പുതിയ റഡാർ സ്ഥാപിക്കുന്നത്. ഇതോടെ കേരളത്തിന്റെ തീരമേഖലയിലെ കാലാവസ്ഥാ നിരീക്ഷണ ശൃംഖല കൂടുതൽ ശക്തമാകും.
10 നഗരങ്ങളിൽ വിൻഡ് പ്രൊഫൈലറുകളും
രാജ്യത്തെ അന്തരീക്ഷ നിരീക്ഷണം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഐ.എം.ഡി. പത്ത് കേന്ദ്രങ്ങളിൽ വിൻഡ് പ്രൊഫൈലർ (Wind Profiler) സംവിധാനങ്ങൾ സ്ഥാപിക്കാനും നടപടി ആരംഭിച്ചിട്ടുണ്ട്. അമൃത്സർ, ജയ്പൂർ, അഹമ്മദാബാദ്, പട്‌ന, വാരണാസി, ലഖ്‌നൗ, മോഹൻബാരി, ഭുവനേശ്വർ, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് സംവിധാനങ്ങൾ സ്ഥാപിക്കുന്നത്.
ഡോപ്പ്ലർ റഡാർ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന വിൻഡ് പ്രൊഫൈലറുകൾ വിവിധ ഉയരങ്ങളിലെ കാറ്റിന്റെ വേഗതയും ദിശയും ഉൾപ്പെടെയുള്ള വിവരങ്ങൾ തുടർച്ചയായി ശേഖരിക്കും. കാലാവസ്ഥാ പ്രവചനം, തീവ്ര കാലാവസ്ഥാ മുന്നറിയിപ്പ്, വിമാന സർവീസുകളിലെ ടർബുലൻസ് (Turbulence) നിരീക്ഷണം തുടങ്ങിയവയ്ക്ക് ഈ വിവരങ്ങൾ സഹായകമാകും.
‘മിഷൻ മൗസം’ വഴി കാലാവസ്ഥാ നിരീക്ഷണ ശൃംഖല വിപുലമാക്കുന്നു
കേന്ദ്ര സർക്കാരിന്റെ 2,000 കോടി രൂപയുടെ ‘മിഷൻ മൗസം (Mission Mausam)’ പദ്ധതിയുടെ ഭാഗമായാണ് രാജ്യത്തെ കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങൾ കൂടുതൽ വിപുലമാക്കുന്നത്. രാജ്യത്തെ കൂടുതൽ ‘Weather-ready’, ‘Climate-smart’ ആക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
വിൻഡ് പ്രൊഫൈലറുകൾ, റേഡിയോമീറ്ററുകൾ (Radiometers) എന്നിവ കൂടുതൽ കേന്ദ്രങ്ങളിൽ സ്ഥാപിക്കുന്നതിനൊപ്പം റേഡിയോസോൺഡ് നിരീക്ഷണ ശൃംഖലയും ശക്തിപ്പെടുത്തും. ഉയർന്ന അന്തരീക്ഷത്തിലെ കാറ്റിന്റെ ദിശ, താപനില, ഈർപ്പം തുടങ്ങിയ വിവരങ്ങൾ കൂടുതൽ ഇടവേളകളിൽ ലഭ്യമാക്കാനും പദ്ധതിയുണ്ട്.
മഴ മുന്നറിയിപ്പിൽ കൂടുതൽ കൃത്യത
പുതിയ നിരീക്ഷണ സംവിധാനങ്ങൾ പ്രവർത്തനസജ്ജമാകുന്നതോടെ കാലാവസ്ഥാ പ്രവചനത്തിന്റെ കൃത്യതയും സ്ഥലപരമായ സൂക്ഷ്മതയും വർധിക്കുമെന്നാണ് ഐ.എം.ഡി.യുടെ വിലയിരുത്തൽ. പ്രത്യേകിച്ച് നഗരപ്രദേശങ്ങളിലെ മിന്നൽപ്രളയം (Flash Flood), ശക്തമായ മഴ തുടങ്ങിയ സാഹചര്യങ്ങളിൽ കൂടുതൽ കൃത്യമായ മുന്നറിയിപ്പുകൾ നൽകാൻ ഇത് സഹായിക്കും.
നിലവിലെ മൂന്ന് മണിക്കൂർ മുൻകൂർ മുന്നറിയിപ്പ് സംവിധാനത്തിൽ നിന്ന് ഒരു മണിക്കൂർ മുമ്പ് തന്നെ Nowcast മുന്നറിയിപ്പുകൾ നൽകാൻ കഴിയുന്ന തരത്തിൽ സംവിധാനം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.
പുതിയ റഡാറുകളും വിൻഡ് പ്രൊഫൈലറുകളും ഉൾപ്പെടെയുള്ള സംവിധാനങ്ങൾ പ്രവർത്തനക്ഷമമാകുന്നതോടെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ, കൃഷി, മത്സ്യബന്ധനം, വ്യോമയാനം തുടങ്ങിയ മേഖലകൾക്കും കൂടുതൽ കൃത്യമായ കാലാവസ്ഥാ വിവരങ്ങൾ ലഭ്യമാകും. കൊല്ലത്തെ റഡാർ സ്ഥാപിക്കുന്നതിനുള്ള കരാർ നടപടികൾ ‘ഡേറ്റ പാറ്റേൺ’ എന്ന കമ്പനിക്കാണ്.
English Summary : The India Meteorological Department (IMD) is installing a high-precision S-Band Doppler Weather Radar at Neendakara, Kollam. Aimed at improving coastal storm tracking, extreme rainfall predictions, and fishermen safety, this project is part of the Central Government's ₹2,000-crore "Mission Mausam" initiative to modernize India's meteorological network.
നേപ്പാളിനെ നടുക്കിയ ആ ദുരന്തത്തിന് പിന്നിൽ 'ഗ്ലോഫ്'; ഒരു തുള്ളി മഴപോലുമില്ലാതെ അതിർത്തി തകർത്ത മലവെള്ളപ്പാച്ചിൽ: വിശദമായി അറിയാം
മെറ്റ്‌ബീറ്റ് ന്യൂസ് ഡെസ്ക്
ഒരു തുള്ളി മഴപോലും പെയ്യാതെ, തെളിഞ്ഞ ആകാശത്തിനു താഴെ നിന്ന മനുഷ്യരെ നിമിഷനേരം കൊണ്ട് പ്രകൃതി വിറപ്പിച്ചു നിർത്തിയ കാഴ്ചയ്ക്കാണ് നേപ്പാളിലെ റസുവ ജില്ല സാക്ഷ്യം വഹിച്ചത്. ഭോട്ടെകോഷി, തൃശൂലി നദികൾ ഒരു മുന്നറിയിപ്പുമില്ലാതെ കരകവിഞ്ഞൊഴുകിയപ്പോൾ അതിർത്തിയിലെ വ്യാപാര പാതകളും കൂറ്റൻ അണക്കെട്ടുകളും ചീട്ടുകൊട്ടാരം പോലെ തകർന്നു വീണു. നേപ്പാളിൽ വിതച്ച ഈ പ്രളയഭീതി അതിർത്തി കടന്ന് ബിഹാറിലെ ഗണ്ഡക് നദീതീരങ്ങളിൽ വരെ വലിയ ജാഗ്രതയ്ക്കാണ് വഴിവെച്ചിരിക്കുന്നത്.
ये कोई फिल्मी सीन नहीं, नेपाल में आई बाढ़ से होने वाली तबाही का नज़ारा है, जो बेहद ख़ौफ़नाक मंजर दिख रहा है,एक के बाद एक पुल टकराकर बह गए। pic.twitter.com/C0X7reumrO
— Ruksar_X (@Ruksar_X) August 26, 2026
കരിമേഘങ്ങളോ താഴ്‌വരകളിൽ പേമാരിയോ ഇല്ലാതെ മലനിരകളിൽ നിന്ന് ഒരൊറ്റ നിമിഷം കൊണ്ട് ഇരച്ചെത്തിയ ഈ കൂറ്റൻ മലവെള്ളപ്പാച്ചിലിന് പിന്നിൽ 'ഗ്ലോഫ്' (GLOF - Glacial Lake Outburst Flood) അഥവാ ഹിമതടാക വിസ്‌ഫോടനമാണെന്ന് കാലാവസ്ഥാ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
റസുവയിൽ സംഭവിച്ചതെന്ത്?
ബുധനാഴ്ച രാവിലെ എട്ടുമണിയോടെയാണ് ഭോട്ടെകോഷി നദിയിൽ അപ്രതീക്ഷിതമായി മലവെള്ളപ്പാച്ചിലുണ്ടായത്. ഈ സമയം റസുവ ജില്ലാ ആസ്ഥാനത്തോ പരിസരത്തോ എവിടെയും മഴ പെയ്തിരുന്നില്ലെന്ന് പ്രാദേശിക ഭരണകൂടവും വ്യക്തമാക്കിയിരുന്നു.
Nepal floods: Aerial footage shows the devastating aftermath.
— Weather Monitor (@WeatherMonitors) August 26, 2026
At least 97 people have been killed, while 403 people from 27 countries remain unaccounted for.
Among those reported missing are 62 Nepali citizens, 133 Indians, 47 Americans, and 33 Britons. pic.twitter.com/UyKMs2IJ1g
എന്നാൽ നിമിഷങ്ങൾക്കകം സ്ഥിതിഗതികൾ കൈവിട്ടുപോയി. ചൈനയുമായുള്ള നേപ്പാളിന്റെ പ്രധാന വ്യാപാര പാതയായ റസുവഗഡി അതിർത്തി കേന്ദ്രം, ടിമുറെ, സ്യാഫ്രുബെസി, ബെത്രാവതി തുടങ്ങിയ പ്രദേശങ്ങൾ നിമിഷങ്ങൾക്കകം വെള്ളത്തിനടിയിലായി. പ്രദേശത്തെ 111 മെഗാവാട്ടിന്റെ റസുവഗഡി പദ്ധതി, ചിലിമെ, തൃശൂലി-3എ ഉൾപ്പെടെ പത്തിലധികം ജലവൈദ്യുത പദ്ധതികൾ തകരുകയോ പ്രവർത്തനം പൂർണ്ണമായി നിർത്തിവെക്കുകയോ ചെയ്തു.
🌏 NEPAL 🇳🇵 | CHINA 🇨🇳 | 🚨 URGENTE - MILES DE PERSONAS ENTERRADAS VIVAS, PUEBLOS BORRADOS DEL MAPA: LOS HUMANOS SOMOS NADA ANTE LA NATURALEZA.
— XAlertNow (@xalertnow) August 26, 2026
En segundos el alud se llevó todo, hizo desaparecer pueblos enteros, miles de personas han muerto y otras miles están desaparecidas. https://t.co/GY0iGzZizb pic.twitter.com/xYw5kQm9d4
ദുരന്തത്തിന്റെ പ്രഭവകേന്ദ്രം; ശാസ്ത്രലോകം പറയുന്നത്
റസുവയിൽ നിന്ന് ഏകദേശം 36 കിലോമീറ്റർ അകലെ, സമുദ്രനിരപ്പിൽ നിന്ന് 5,100 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ലെൻഡെ (Lhende) നദിയിലേക്ക് കൂറ്റൻ മഞ്ഞുമല ഇടിഞ്ഞുവീണതാണ് ഈ ഭീകര ദുരന്തത്തിന് വഴിവെച്ചതെന്നാണ് പ്രാഥമിക നിഗമനം.
മഞ്ഞുമല ഇടിഞ്ഞുവീണുണ്ടായ ഹിമപാതത്തിൽ (Ice Avalanche) നദീതടം പൂർണ്ണമായി അടഞ്ഞുപോകുകയും, തുടർന്ന് അവിടെ രൂപപ്പെട്ട കൂറ്റൻ ജലസംഭരണി സമ്മർദ്ദം താങ്ങാനാവാതെ പെട്ടെന്ന് തകർന്ന് താഴേക്ക് കുതിച്ചൊഴുകുകയുമായിരുന്നുവെന്ന് കാഠ്മണ്ഡു സർവകലാശാലയിലെ പരിസ്ഥിതി ഗവേഷകൻ പ്രൊഫ. റിജൻ ഭക്ത കായസ്ഥ വ്യക്തമാക്കുന്നു.
Bhote Koshi-Trishuli Flood Update- animated video explaining the extant of damage.#nepalflood #trishuli #nepal#glof #rasuwa pic.twitter.com/8CJ1e2L9Ez
— War Diaries (@cool_crusader) August 26, 2026
ഇതിനുപുറമേ മറ്റൊരു നിർണ്ണായക വിവരവും പുറത്തുവരുന്നുണ്ട്. പ്രളയത്തിന് തൊട്ടുമുമ്പ് തിബറ്റൻ മേഖലയിൽ റിക്ടർ സ്‌കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി യു.എസ്. ജിയോളജിക്കൽ സർവേയും (USGS) രേഖപ്പെടുത്തിയിട്ടുണ്ട്. ഈ പ്രകമ്പനമാകാം ഹിമപാതത്തിനോ ഹിമതടാകത്തിന്റെ തിട്ടകൾ പെട്ടെന്ന് തകരുന്നതിനോ ഇടയാക്കിയതെന്നാണ് നേപ്പാൾ ദുരന്തനിവാരണ അതോറിറ്റിയുടെ വിലയിരുത്തൽ.
എന്താണ് 'ഗ്ലോഫ്' (GLOF)?
കനത്ത മഴമൂലമുണ്ടാകുന്ന പ്രളയവും ഉരുൾപൊട്ടലും നമുക്ക് പരിചയമുള്ളതാണ്. എന്നാൽ ഹിമാലയൻ മലനിരകളിൽ ദുരന്തം വിതയ്ക്കുന്ന 'ഗ്ലോഫ്' തികച്ചും വ്യത്യസ്തവും അതിഭീകരവുമാണ്.
ഉയർന്ന മലനിരകളിലെ ഹിമാനികൾ (Glaciers) ഉരുകുമ്പോൾ, ഒലിച്ചുവരുന്ന മണ്ണും പാറക്കല്ലുകളും അടിഞ്ഞുകൂടി സ്വാഭാവിക തടയണകൾ (Moraines) രൂപപ്പെടാറുണ്ട്. ഈ തടയണകളിൽ ജലം കെട്ടിക്കിടന്ന് കാലക്രമേണ വലിയ തടാകങ്ങളായി മാറും. ഇവയാണ് ഹിമതടാകങ്ങൾ.
കോൺക്രീറ്റ് ഡാമുകളെപ്പോലെ ഉറപ്പുള്ളതല്ല മണ്ണും കല്ലും മഞ്ഞും ചേർന്നുള്ള ഈ പ്രകൃതിദത്ത തിട്ടകൾ. ആഗോളതാപനം മൂലം മഞ്ഞുരുകൽ ശക്തമാകുമ്പോൾ തടാകങ്ങളിലെ ജലനിരപ്പ് അപകടകരമായ അളവിൽ ഉയരും. ഒരു ഭൂചലനമോ വലിയ ഹിമപാതമോ ഉണ്ടാകുമ്പോൾ ഈ സ്വാഭാവിക ഭിത്തികൾ നിമിഷനേരം കൊണ്ട് തകർന്നടിയും.
തുടർന്ന് ലക്ഷക്കണക്കിന് ഘനമീറ്റർ വെള്ളവും കൂറ്റൻ പാറകളും ചെളിയും അതിവേഗതയിൽ താഴ്വരകളിലേക്ക് കുതിച്ചെത്തും. ഇതിനെയാണ് 'ഗ്ലേഷ്യൽ ലേക്ക് ഔട്ട്‌ബേസ്റ്റ് ഫ്‌ലഡ്' എന്ന് വിളിക്കുന്നത്. ആകാശത്ത് മഴമേഘങ്ങൾ പോലും കാണാനില്ലാത്തതിനാൽ താഴ്വരയിലുള്ളവർക്ക് മുൻകൂട്ടി മുന്നറിയിപ്പ് ലഭിക്കില്ലെന്നതാണ് ഇതിന്റെ അപകടസാധ്യത വർധിപ്പിക്കുന്നത്.
നേപ്പാളിലെ മലവെള്ളപ്പാച്ചിൽ അയൽ സംസ്ഥാനമായ ബിഹാറിലും വലിയ ജാഗ്രതയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഭോട്ടെകോഷിയിലെ വെള്ളം തൃശൂലി നദി വഴി നേരിട്ടെത്തുന്നത് ബിഹാറിലൂടെ ഒഴുകുന്ന ഗണ്ഡക് നദിയിലേക്കാണ്.
തിബറ്റൻ മേഖലയിലെ പ്രളയത്തെ തുടർന്ന് ഭോട്ടെകോഷിയിൽ ജലനിരപ്പ് മൂന്ന് മീറ്ററോളമാണ് ഉയർന്നത്. നദിയിലെ ഒഴുക്ക് അപകടനില തരണം ചെയ്തതോടെ മുൻകരുതൽ നടപടിയെന്ന നിലയിൽ വാത്മീകിനഗറിലെ ബാരേജിന്റെ മുഴുവൻ (36) ഷട്ടറുകളും ബിഹാർ സർക്കാർ തുറന്നു. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കാൻ വിദഗ്ധ സാങ്കേതിക സംഘത്തെ നിയോഗിക്കുകയും ദുരന്തനിവാരണ സേനയെ സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്.
English Summary : A sudden flash flood struck the Rasuwa district of Nepal as the Bhote Koshi and Trishuli rivers overflowed without any local rainfall, destroying trade routes, infrastructure, and over ten hydroelectric projects. Experts have identified the event as a Glacial Lake Outburst Flood (GLOF), triggering high alerts all the way downstream to Bihar, India.