Newsroom
Kerala Weather 5/8/26 : മഴക്കെടുതി; കേരളത്തിൽ മരണം 27 ആയി, 10 ജില്ലകളിൽ അവധി, 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്
Metbeat News

Kerala Weather 5/8/26 : മഴക്കെടുതി; കേരളത്തിൽ മരണം 27 ആയി, 10 ജില്ലകളിൽ അവധി, 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്

കേരളത്തിൽ മഴ ശക്തിയായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.

Kerala Weather 5/8/26 : മഴക്കെടുതി; കേരളത്തിൽ മരണം 27 ആയി, 10 ജില്ലകളിൽ അവധി, 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്

കേരളത്തിൽ മഴ ശക്തിയായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, എറണാകുളം, തൃശൂർ, കണ്ണൂർ, കോട്ടയം, പത്തനംതിട്ട, കാസർകോട്, ആലപ്പുഴ, ഇടുക്കി, വയനാട് ജില്ലകൾക്കാണ് ബുധനാഴ്ച (ഓഗസ്റ്റ് 5) അവധി പ്രഖ്യാപിച്ചത്.

 കേരള സർവകലാശാല ബുധനാഴ്ച (ഇന്ന് )  നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും (തിയറി, പ്രാക്ടിക്കൽ, വൈവവോസി ഉൾപ്പെടെ) മാറ്റിവച്ചിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട്. കേരള സർവകലാശാല പഠന വകുപ്പുകളിലെ പരീക്ഷകൾക്ക് മാറ്റമില്ല.

9 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ഇന്ന് 9 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടായിരിക്കും.

ഈ ജില്ലകളിൽ മഞ്ഞ അലർട്ട്

 തിരുവനന്തപുരം, കൊല്ലം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്നും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ വ്യാഴാഴ്ചയും യെലോ അലർട്ട് പ്രഖ്യാപിച്ചു. 

മഴക്കെടുതി : മരണം 27 ആയി

മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 27 ആയി. നാലു പേരെ കാണാതായി. 418 ക്യാംപുകളിലായി 18,434 ആളുകളുണ്ട്. 52 വീടുകൾ പൂർണമായും 555 വീടുകൾ ഭാഗികമായും തകർന്നു. കോട്ടയത്താണ് കൂടുതൽ പേർ മരിച്ചത്. 5 മരണം ജില്ലയിൽ റിപ്പോർട്ടു ചെയ്തു.

വയനാട്ടിൽ വിനോദ സഞ്ചാരികൾക്ക് നിയന്ത്രണം

വയനാട്ടിൽ വിനോദസഞ്ചാരികള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. താമരശ്ശേരി ചുരം, ബോയ്‌സ് ടൗണ്‍–പാല്‍ച്ചുരം വഴിയുള്ള യാത്രക്കാര്‍ അതീവ ജാഗ്രത പാലിക്കണം. അത്യാവശ്യമല്ലാത്ത യാത്രകള്‍ പരമാവധി ഒഴിവാക്കണം.

കോഴിക്കോട് അവധി പ്രഖ്യാപിച്ചു

കോഴിക്കോട് ജില്ലയിലെ മലയോര – തീരദേശ മേഖലകളിലും മറ്റും ശക്തമായ മഴ തുടരുന്നതിനാലും ഓറഞ്ച് അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിലും ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഒഴികെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. 

അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ എന്നിവക്കും അവധി ബാധകമാണ്. നേരത്തെ നിശ്ചയിച്ച പരീക്ഷകൾ, ഓൺലൈൻ ക്ലാസുകൾ എന്നിവക്ക് അവധി ബാധകമല്ല.

 എറണാകുളത്തും അവധി

എറണാകുളം ജില്ലയിൽ  പ്രഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന്  ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും, ഇന്റർവ്യൂകൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല.

 തൃശൂരിൽ വെള്ളക്കെട്ട്, അവധി

തൃശൂർ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുന്ന സാഹചര്യത്തിലും ചില താലൂക്കുകളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, നഴ്സറികള്‍, കേന്ദ്രീയവിദ്യാലയങ്ങള്‍, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകള്‍, പ്രഫഷണല്‍ കോളജുകള്‍, ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. 

മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും, ഇന്റര്‍വ്യൂകള്‍ക്കും മാറ്റമുണ്ടായിരിക്കുന്നതല്ല.

കണ്ണൂർ ജില്ലയിൽ പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍ ഉള്‍പ്പെടെയുള്ളവ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. 

എന്നാൽ, പ്രഫഷണൽ കോളജുകൾക്ക് അവധി ബാധകമല്ല. റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല.

 കോട്ടയത്ത് കനത്ത മഴ തുടരുന്നു, അവധി

കോട്ടയം ജില്ലയിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, സ്‌പെഷൽ ക്ലാസുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.

 പത്തനംതിട്ടയിലും അവധി

പത്തനംതിട്ട ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു.

കാസർകോട്ടും ഇന്ന് അവധിയാണ്

കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. കോളജുകൾ, പ്രഫഷനൽ കോളജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐസിഎസ്ഇ, സിബിഎസ്ഇ സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മദ്രസകൾക്കും അവധി ബാധകമായിരിക്കും. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമില്ല.

ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. പ്രഫഷനൽ കോളജുകൾ, അങ്കണവാടികൾ, നഴ്സറികൾ, കേന്ദ്രീയവിദ്യാലയങ്ങൾ, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ, മദ്രസകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. 

മുൻ നിശ്ചയിച്ച പൊതുപരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമില്ല. റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയില്ല.

 ആലപ്പുഴയിലും അവധി

ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് കലക്ടർ അവധി പ്രഖ്യാപിച്ചു. പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, അങ്കണവാടികൾക്കും, ട്യൂഷൻ സെന്ററുകൾക്കും അവധിയായിരിക്കും. മുൻ നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് മാറ്റമില്ല.

 വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച കലക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍, മതപഠന ക്ലാസുകള്‍, ട്യൂഷന്‍ സെന്ററുകള്‍, പരിശീലന സ്ഥാപനങ്ങള്‍, സ്‌പെഷല്‍ ക്ലാസുകള്‍, പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും.

 റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും റസിഡന്‍ഷ്യല്‍ കോളജുകള്‍ക്കും അവധി ബാധകമല്ല. എന്നാൽ, റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെയും കോളജുകളിലെയും വിദ്യാര്‍ഥികളുടെ സുരക്ഷ അതത് സ്ഥാപന മേധാവികള്‍ ഉറപ്പു വരുത്തേണ്ടതാണ്. സാഹചര്യത്തിനനുസരിച്ച് വിദ്യാര്‍ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തി അവധി നല്‍കാം. 

English Summary : Torrential rains continue to lash Kerala, taking the total death toll to 27, with Kottayam reporting the highest casualties (5). Four people remain missing, over 18,400 individuals have been shifted to 418 relief camps, and more than 600 houses have been damaged across the state.

ചൈനയിലെ ചൂടില്‍ കുമ്പളങ്ങക്ക് വന്‍ ഡിമാന്റ്, കാരണം ഒരു പൂച്ച

കടുത്ത ചൂട് നേരിടുന്ന ചൈനയില്‍ ഒരു പൂച്ചയുടെ ചിത്രം വൈറലായതോടെ കുമ്പളത്തിന് വില കൂടി. കുമ്പളങ്ങയുടെ മുകളില്‍ കിടക്കുന്ന പൂച്ചയുടെ ചിത്രമാണ് ഈയിടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. ചൈനീസ് ഡെയ്‌ലിയാണ് ഈ വാര്‍ത്ത ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. കുമ്പളങ്ങയുടെ പ്രകൃതിദത്തമായ എയര്‍ കണ്ടീഷനര്‍ ശേഷിയുള്ളതിനാലാണ് കടുത്ത ചൂടില്‍ പൂച്ച ഇത്തരത്തില്‍ കിടക്കുന്നതെന്നായിരുന്നു പോസ്റ്റിന്റെ കാതല്‍.

ഇത് വൈറലായതോടെ ആളുകള്‍ കുമ്പളങ്ങ വാങ്ങിക്കൂട്ടി. കുമ്പളങ്ങ ജ്യൂസ് ശരീരത്തിന് തണുപ്പു നല്‍കുമെന്നത് ചൈനീസ് പരമ്പരാഗത അറിവാണ്. ചൂടിനെ നേരിടാന്‍ ആളുകള്‍ കുമ്പളങ്ങ ജ്യൂസ് പതിവാക്കി. ഇതിനു പിന്നാലെ പലയിടത്തും പൂച്ചയും നായയും കുമ്പളങ്ങയുടെ മുകളില്‍ കിടക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ നിറയാന്‍ തുടങ്ങി. ഗാങ്‌ഡോങ്ങ് പ്രവിശ്യയിലെ ഫോഷനിലെ കര്‍ഷകന്‍ പറയുന്നത് ഈയിടെ കുമ്പളങ്ങ കൂടുതല്‍ എണ്ണം വിറ്റുപോകുന്നു എന്നും വില കൂടിയെന്നുമാണ്.

കുമ്പളങ്ങയിലെ ജലാംശവും മറ്റു ആരോഗ്യ ഗുണങ്ങളും കാരണം ജ്യൂസ് കുടിക്കുന്നത് തെക്കന്‍ ചൈനിയില്‍ പതിവാണ്. ചൂടിനെ നേരിടാന്‍ ഇവിടത്തുകാര്‍ ജ്യൂസുകളും സൂപ്പുകളുമാണ് ഇപ്പോള്‍ പതിവായി സേവിക്കുന്നത്. ഫോഷന്‍ സ്വദേശിയായ 65 കാരനായ കര്‍ഷന്‍ ഒ യിങ്ക്യൂ പറയുന്നത് തന്റെ കുടുംബം പതിറ്റാണ്ടുകളായി കുമ്പളം കൃഷി ചെയ്യുന്നുണ്ടെങ്കിലും ഈ വേനലിലാണ് ഇത്രയും ഡിമാന്റ് ഉണ്ടായതെന്നാണ്.

ഇയാളുടെ ഒരു ഹെക്ടറിലെ 65 ശതമാനം പ്രദേശത്തും കുമ്പളങ്ങ കൃഷിയാണ്. 90 ദിവസം കൊണ്ടാണ് കുമ്പളങ്ങ വിളവെടുക്കാന്‍ കഴിയുക. മെയ് പകുതിയിലോ ഓഗസ്റ്റ് തുടക്കമോ ആണ് സാധാരണ കുമ്പളങ്ങ വിളവെടുപ്പ് കാലം. 

ദേശീയ  സൂചികാ പദവി (National Geographical Indication) ലഭിച്ച ഒരു ഉല്‍പ്പന്നമാണ് സന്‍ഷൂയി കറുത്ത തൊലിയുള്ള കുമ്പളങ്ങ (Sanshui blackskinned wax gourd). നല്ല മിനുസമുള്ള കറുത്ത തൊലി, ഉറപ്പുള്ള കാമ്പ്, കൂടുതല്‍ കാലം കേടുകൂടാതെ ഇരിക്കാനുള്ള ശേഷി എന്നിവയാണ് ഇതിന്റെ സവിശേഷതകള്‍. സാധാരണയായി ഒരു കുമ്പളങ്ങയ്ക്ക് 15 മുതല്‍ 20 കിലോഗ്രാം വരെ ഭാരമുണ്ടാകാറുണ്ട്. എന്നാല്‍ ഓ (Ou) വിളവെടുത്തതില്‍ ഏറ്റവും വലിയ കുമ്പളങ്ങയ്ക്ക് ഏകദേശം 35 കിലോഗ്രാം ഭാരമുണ്ടായിരുന്നു.

ഈ കുമ്പളങ്ങയുടെ ഉറപ്പുള്ള കാമ്പിന് കാരണം സന്‍ഷൂയിയിലെ മണല്‍ കലര്‍ന്ന ഫലഭൂയിഷ്ഠമായ മണ്ണാണെന്ന് 'ഓ' പറയുന്നു. മഴയും താപനിലയുമാണ് ഇവയുടെ വളര്‍ച്ചയെയും വില്‍പ്പനയെയും നിയന്ത്രിക്കുന്നത്; കനത്ത മഴ വിളവെടുപ്പിനെ ബാധിക്കുമെങ്കിലും, ഉയര്‍ന്ന ചൂട് ഇതിന്റെ ആവശ്യകത വര്‍ദ്ധിപ്പിക്കുന്നു.

കൂടുതല്‍ കാലം കേടുകൂടാതെ ഇരിക്കാനുള്ള കഴിവ് കാരണം കുമ്പളങ്ങ പണ്ടുമുതലേ അടുക്കളകളിലെ ഒരു പ്രധാന വിഭവമാണ്. മുറിക്കാത്ത കുമ്പളങ്ങ ഈര്‍പ്പമില്ലാത്ത, വായുസഞ്ചാരമുള്ള സ്ഥലത്ത് സൂക്ഷിച്ചാല്‍ മാസങ്ങളോളം—ഒരുപക്ഷേ വര്‍ഷാവസാനം വരെ—കേടുകൂടാതെ ഇരിക്കും. എന്നാല്‍ ഒരിക്കല്‍ മുറിച്ചുകഴിഞ്ഞാല്‍, ബാക്കിവരുന്നത് ഫ്രിഡ്ജില്‍ സൂക്ഷിക്കുകയും ഉടന്‍ തന്നെ ഉപയോഗിക്കുകയും വേണം.

ഇന്ന് ഫോഷാന്‍, ഗ്വാങ്ഷൂ തുടങ്ങിയ നഗരങ്ങളിലെ വിപണികളില്‍ സന്‍ഷൂയി കുമ്പളങ്ങ സജീവമാണ്. കോള്‍ഡ് ചെയിന്‍ സംവിധാനം വഴി അമേരിക്ക, സിംഗപ്പൂര്‍ തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്കും ഇവ കയറ്റുമതി ചെയ്യുന്നുണ്ട്.

നാട്ടുകാരെ സംബന്ധിച്ചിടത്തോളം, ഈ കുമ്പളങ്ങ ആസ്വദിക്കാനുള്ള ഏറ്റവും ലളിതമായ വഴി ഇതിന്റെ സൂപ്പ് ഉണ്ടാക്കുക എന്നതാണ്.

'ഞങ്ങള്‍ സാധാരണയായി കുമ്പളങ്ങ സൂപ്പാണ് ഉണ്ടാക്കാറുള്ളത്,' ഓ പറഞ്ഞു. വീട്ടില്‍ അദ്ദേഹം കുമ്പളങ്ങയും പന്നിയിറച്ചിയും ചേര്‍ത്ത് സ്വാഭാവിക മധുരമുള്ള, ലളിതമായ സൂപ്പ് തയ്യാറാക്കുന്നു. ഉണ്ടാക്കുന്ന രീതി വളരെ ലളിതമാണ്: ആദ്യം കുമ്പളങ്ങ വേവിക്കുക, വെള്ളം തിളച്ചുമറിയുമ്പോള്‍ ഇറച്ചി ചേര്‍ത്ത് 10 മിനിറ്റോളം വേവിച്ചെടുക്കുക.

'ഓരോ നേരത്തെയും ഭക്ഷണം അപ്പോള്‍ത്തന്നെ പുതിയതായി ഉണ്ടാക്കുന്നതാണ്. രാത്രി മുഴുവന്‍ വെച്ചാല്‍ ഇതിന്റെ രുചി മാറും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചെറുപ്പം മുതലേ 'ഓ'യുടെ ഭക്ഷണക്രമത്തിലെ ഒരു പ്രധാന വിഭവമാണിത്. മുന്‍പ് അദ്ദേഹത്തിന്റെ കുടുംബം സ്വന്തം ആവശ്യത്തിന് മാത്രമായിരുന്നു കുമ്പളങ്ങ കൃഷി ചെയ്തിരുന്നത്; ചൈനയിലെ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്കും ഉദാരവല്‍ക്കരണത്തിനും ശേഷമാണ് അവര്‍ ഇത് വാണിജ്യാടിസ്ഥാനത്തില്‍ വില്‍ക്കാന്‍ തുടങ്ങിയത്.

ഗ്വാങ്‌ഡോങ് പ്രദേശത്തുടനീളം, ഇത് പന്നിയിറച്ചി വാരിയെല്ലുകളോ ഉണക്കിയ സ്‌കൂളോപ്പുകളോ (dried scallops) ചേര്‍ത്ത് റോസ്റ്റ് ചെയ്യാറുണ്ട്. വേനല്‍ക്കാലത്തെ മറ്റൊരു പരമ്പരാഗത വിഭവം കുമ്പളങ്ങ താറാവിറച്ചിയും ഞവരയും (coix seeds) ചേര്‍ത്ത് ഉണ്ടാക്കുന്നതാണ്.

വിഭവങ്ങളുടെ തനത് മാറ്റ് ചോര്‍ന്നുപോകാതെ, ലളിതവും സമീകൃതവുമായ രുചികള്‍ ഇഷ്ടപ്പെടുന്ന കന്റോണീസ് രീതിക്ക് ഉത്തമ ഉദാഹരണമാണ് ഈ പാചകക്കുറിപ്പുകള്‍.

കാലാവസ്ഥയ്ക്കനുസരിച്ച് ഭക്ഷണം കഴിക്കുന്ന ലിങ്‌നാന്‍ (Lingnan) ശൈലിയെയും ഇത് വ്യക്തമാക്കുന്നു. ചൂട് ഉച്ചസ്ഥായിയിലെത്തുമ്പോഴാണ് കുമ്പളങ്ങ വിപണിയില്‍ എത്തുന്നത്. അല്ലാതെ അപൂര്‍വതയോ ആഡംബരമോ കൊണ്ടല്ല, മറിച്ച് പ്രാദേശിക കാലാവസ്ഥയ്ക്കും ജീവിതരീതിക്കും ഏറ്റവും അനുയോജ്യമായതിനാലാണ് ഇത് ജനപ്രിയമായത്.

എങ്കിലും ഈ കൃഷി മുന്‍പോട്ടു കൊണ്ടുപോകുന്നത് വലിയ വെല്ലുവിളിയാണ്. പുതിയ തലമുറയിലെ യുവാക്കളാരും കൃഷിയിലേക്ക് വരുന്നില്ലെന്നും, നിലവിലുള്ള കര്‍ഷകരില്‍ ഭൂരിഭാഗവും 50 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണെന്നും 'ഓ' പറഞ്ഞു.

ഇന്റര്‍നെറ്റിലെയും സോഷ്യല്‍ മീഡിയയിലെയും പുതിയ ട്രെന്‍ഡുകള്‍ വരുംതലമുറയ്ക്ക് പ്രചോദനമാകുമെന്നും, മണ്ണില്‍ വിളയുന്ന ഈ ഭീമന്മാരുടെ മൂല്യം തിരിച്ചറിയാന്‍ അവരെ സഹായിക്കുമെന്നും പ്രതീക്ഷിക്കാം.

More from Metbeat